ബാർബഡോസ് : ജൂണിൽ ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് വെസ്റ്റിൻഡീസ് സൂപ്പർ ഓപ്പണർ ക്രിസ് ഗെയ്‌ൽ. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ പരിശീലനത്തിനിറങ്ങുന്നതിന് തൊട്ടുമുൻപാണ് ഗെയ്ൽ വിരമിക്കൽ തീരുമാനം വെളിപ്പെടുത്തിയത്. തുടർന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് അസോസിയേഷൻ ഗെയ്ലിന്റെ വിരമിക്കൽ തീരുമാനം ട്വീറ്റ് ചെയ്തു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ 39 കാരനായ ഗെയ്ലിനെ വെസ്റ്റിൻഡീസ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗെയ്‌ൽ വെസ്റ്റിൻഡീസിന്റെ ഏകദിന ടീമിൽ ഇടം നേടുന്നത്. പരമ്പരയിൽ മികച്ച പ്രകടനം നടത്തിയാലെ ഗെയ്‌ലിന് ലോകകപ്പ് ടീമിൽ ഇടം നേടാനാകൂ. ടെസ്റ്രിൽ നിന്ന് നേരത്തേ തന്നെ ഗെയ്ൽ വിരമിച്ചിരുന്നു.
ഗെയ്ൽ ദ ഗ്രേറ്ര്
ഇതുവരെ 284 ഏകദിനങ്ങളിൽ നിന്ന് 37.12 ശരാശരിയിൽ 9727 റൺസ് ഗെയ്ൽ നേടിയിട്ടുണ്ട്.പാർട്ട് ടൈം സ്പിന്നർകൂടിയായ ആദ്ദേഹം 165 വിക്കറ്രും നേടി.
ടെസ്റ്രിൽ 103 മത്സരങ്ങളിൽ നിന്നായി 42.18 ആവറേജിൽ 7214 റൺസ് നേടി. 73 വിക്കറ്റും അക്കൗണ്ടിൽ ഉണ്ട്.
ട്വന്റി-20 യിൽ 56 മത്സരങ്ങളിൽ നിന്നായി 33.47 ശരാശരിയിൽ 1607 റൺസ് സ്കോർ ചെയ്തു കഴിഞ്ഞു.17 വിക്കറ്റും സ്വന്തമാക്കി.
ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടിയ ആദ്യ താരം
ടെസ്റ്ര് ക്രിക്കറ്റിൽ രണ്ട് ട്രിപ്പിൾ സെഞ്ച്വറി നേടിയിട്ടുള്ള നാല് കളിക്കാരിൽ ഒരാൾ
ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ച്വറിയും ഏകദിനത്തിൽ ഡബിൾ സെഞ്ച്വറിയും ട്വന്റി-20യിൽ സെഞ്ച്വറിയും നേടിയിട്ടുള്ള ഏക താരം
ട്വന്റി-20യിൽ ഏറ്രവും കൂടുതൽ സിക്സടിച്ച താരം
2015 ലോകകപ്പിൽ സിംബാബ്‌വെയ്ക്കെതിരെ നേടിയ 215 റൺസാണ് ഏകദിനത്തിൽ ഗെയ്‌ലിന്റെ ഉയർന്ന വ്യക്തിഗത സ്കോർ. ലോകകപ്പിന്റെ ചരിത്രത്തിലെ ആദ്യ ഡബിൾ സെഞ്ച്വറിയായിരുന്നു അത്. മത്സരത്തിൽ മാർലോൺ സാമുവൽസുമായി ചേർന്നുണ്ടാക്കിയ 372 റൺസിന്റെ കൂട്ടുകെട്ട് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്രവും ഉയർന്നതാണ്.