cm-

കാസർകോട്: പെരിയയിൽ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവം ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംഭവത്തിൽ ഊർജിതമായ അന്വേഷണം നടത്തി പ്രതികളെ എത്രയും വേഗം അറസ്റ്റുചെയ്യാൻ ഡി.ജി.പിക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ പിടിക്കാൻ കർണാടക പൊലീസിന്റെ സഹായം തേടിയതായി ഡി.ജി.പി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. അതിർത്തി ജില്ല ആയതിനാൽ പ്രതികൾ കർണാടകയിലേക്കു കടക്കാൻ സാദ്ധ്യതയുണ്ട്. അതിനാലാണു തിരച്ചിലിനും അന്വേഷണത്തിനും കർണാടക പൊലീസിന്റെ സഹായം തേടിയത്. പ്രാദേശിക രാഷ്ട്രീയ തർക്കങ്ങളാണു കൊലയിൽ കലാശിച്ചത്. പ്രതികൾ സി.പി.എം പ്രവർത്തകരാണോ എന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. പഴയ തർക്കങ്ങളും സാഹചര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. എ.ഡി.ജി.പി അനിൽ കാന്തിന്റെ നേതൃത്തിലാണ് അന്വേഷണം. അനിൽ കാന്ത് സംഭവ സ്ഥലത്തു ക്യാംപു ചെയ്യുന്നുണ്ടെന്നും ബെഹ്റ പറഞ്ഞു.