kulbhushan-

ഹേഗ്: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട നീതിന്യായ കോടതിയിലും ഇന്ത്യയുടെ പ്രതിഷേധം. കുൽഭൂഷൻ ജാദവ് കേസിൽ ഇന്ന് അന്താരാഷ്ട നീതിന്യായ കോടതിയിൽ വാദം തുടങ്ങിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇന്ത്യയും പാക്കിസ്ഥാനും ഒരേ വേദിയിൽ എത്തിയിരുന്നു. തുടർന്ന് വാദത്തിനെത്തിയ പാക്കിസ്ഥാൻ അധികൃതർ ഇന്ത്യൻ പ്രതിനിധികൾക്ക് ഹസ്തദാനം ചെയ്യാനായി എത്തിയപ്പോൾ ഇന്ത്യൻ അത് പ്രതിനിധികൾ അത് നിരാകരിക്കുകയായിരുന്നു.

ഇന്ത്യ വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ദീപക് മിത്തലിനും നെതർലന്റെിലെ ഇന്ത്യൻ സ്ഥാനപതി വേണു രാജാമണിക്കുമാണ് പാക്കിസ്ഥാൻ പ്രതിനിധികൾ ഹസ്തദാനം ചെയ്യാനെത്തിയത്. എന്നാൽ ഇരുവരും സ്വീകരിക്കാൻ തയ്യാറായില്ല. പകരം പാക്കിസ്ഥാൻ എ.ജി മൻസൂർ ഖാന് മറുപടിയായി നമസ്തേ നൽകുകയാണ് ചെയ്തത്. വാദം കേൾക്കുന്നതിന് തൊട്ടുമുമ്പാണ് ഹസ്തദാനം ചെയ്യാൻ പാക് അധികൃതർ എത്തിയത്.

സമാനമായ രീതിയിൽ മുമ്പും ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. 2017 ൽ കുൽഭൂഷൻ ജാദ‌വ് കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വച്ച് ഹസ്തദാനം നിരാകരിച്ചുകൊണ്ട് പാക് പ്രതിനിധികളെ അവഗണിച്ചിരുന്നു. പാക്കിസ്ഥാൻ ചാരപ്രവർത്തനം ആരോപിച്ച് വധശിക്ഷയ്ക്ക് വിധിച്ച കുൽഭൂഷന്റെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. കേസിൽ ഇന്ത്യയ്ക്ക് വേണ്ടി വാദിക്കുന്നത് പ്രശസ്ത അഭിഭാഷകൻ ഹരീഷ് സാല്‍വെയാണ്.