bjp-shivasena-

മുംബയ്: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സഖ്യത്തിൽ ശിവസേനയും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസർക്കാരിനും എതിരായ വിമർശനങ്ങൾ അവസാനിപ്പിച്ച് ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒരുമിച്ച് പോരാടാൻ ശിവസേനയും ബി.ജെ.പിയും തീരുമാനിച്ചു. ശിവസേനാ അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മുംബയിലെ വസതിയിലെത്തി ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ചർച്ച നടത്തിയിരുന്നു,​ തുടർന്ന് അമിത് ഷായും ഉദ്ധവ് താക്കറെയും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് സഖ്യത്തെക്കുറിച്ച് അറിയിച്ചത്.


മഹാരാഷ്ട്രയിൽ ശിവസേന 23ഉം ബി.ജെ.പി 25 ഉം സീറ്റുകളിലേക്കു മത്സരിക്കാൻ ധാരണയായതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലും ഇരു പാർട്ടികളും ഒരുമിച്ചു നിൽക്കുമെന്നും ഫട്നവിസ് അറിയിച്ചു. ഈ വർഷം നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരു കക്ഷികളും സീറ്റുകൾ തുല്യമായി വീതിക്കും.


ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോക്സഭാംഗങ്ങളെ പാർലമെന്റിലേക്ക് അയക്കുന്നത് മഹാരാഷ്ട്രയിൽനിന്നാണ്, 48 പേർ. 2014ലെ പൊതു തിരഞ്ഞെടുപ്പിൽ ബി.ജെ.പി 26 ഉം ശിവസേന 22 ഉം സീറ്റുകളിലാണു മത്സരിച്ചത്. മൂന്നു പതിറ്റാണ്ടായി തുടർന്നു വന്ന ബിജെപി– ശിവസേന സഖ്യം 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഉലഞ്ഞത്.


അന്ന് 288 നിയമസഭാ സീറ്റുകളിൽ 123 ഉം ബിജെപി നേടി. ശിവസേനയ്ക്കു കിട്ടിയത് ആകെ 63 സീറ്റുകൾ മാത്രം. എന്നാൽ തിരഞ്ഞെടുപ്പിനു ശേഷം വീണ്ടും സഖ്യ രൂപീകരണം നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ വിമർശനം ഉയർത്തിയതോടെ ഇക്കുറി സഖ്യ സാധ്യതകൾ മങ്ങിയിരുന്നു. എന്നാൽ ബിജെപി ഇടപെടലിന് ശിവസേന വഴങ്ങുകയായിരുന്നു.