മുംബയ്: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭയിലും മഹാരാഷ്ട്രയിൽ ബി.ജെ.പിയും ശിവസേനയും ഒരുമിച്ച് മത്സരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി 25 സീറ്റിലും ശിവസേന 23 സീറ്രിലും മത്സരിക്കുമെന്ന് ബി.ജെ.പി ദേശീയാദ്ധ്യക്ഷൻ അമിത് ഷായുടെയും ശിവസേന നേതാവ് ഉദ്ദവ് താക്കറെയുടെയും സാന്നിദ്ധ്യത്തിൽ ഫഡ്നാവിസ് വ്യക്തമാക്കി. നിയമസഭാ സീറ്റിന്റെ കാര്യം സഖ്യകക്ഷികളുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

25 വർഷത്തിലധികമായി സഖ്യത്തിൽ തുടരുന്ന ബി.ജെ.പിയും ശിവസേനയും 50: 50 അനുപാതത്തിൽ നിയമസഭയിൽ മത്സരിക്കുമെന്നും അറിയിച്ചു. തിരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച് ഇരു പാർട്ടികളും കഴി‌‌ഞ്ഞ ദിവസം തന്നെ ധാരണയിലെത്തിയിരുന്നെങ്കിലും സീറ്റ് വിഭജനത്തിൽ ഇന്നലെയാണ് അന്തിമ തീരുമാനമായത്.

അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നത് രാഷ്ട്രത്തിന്റെ അഭിമാന പ്രശ്നമായാണ് ഇരു പാർട്ടികളും കണക്കാക്കുന്നതെന്നും ഫഡ്നാവിസ് പറഞ്ഞു.

രാമക്ഷേത്ര നിർമ്മാണത്തിന്റെ അടിസ്ഥാനത്തിലാണ് സഖ്യത്തിൽ ധാരണയായതെന്ന് ഉദ്ദവ് താക്കറെ അഭിപ്രായപ്പെട്ടു.