ലിയോൺ : യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ പ്രീക്വാർട്ടർ ആദ്യ പാദപോരാട്ടങ്ങളിൽ ഇന്ന് രാത്രി സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണ ഫ്രഞ്ച് സൂപ്പർ ക്ലബ് ലിയോണിനെയും നിലവിലെ റണ്ണറപ്പുകളായ ലിവർപൂൾ ജർമ്മൻ സെൻസേഷൻ ബയേൺ മ്യൂണിക്കിനെയും നേരിടും. രണ്ട് മത്സരങ്ങളും രാത്രി 1.30 മുതലാണ്. ബാഴ്സയും ലിയോണുമായുള്ള മത്സരം ലിയോണിന്റെ തട്ടകത്തിലും ലിവർപൂൾ - ബയേൺമ്യൂണിക്ക് പോരാട്ടം ലിവറിന്റെ മൈതാനമായ ആൻഫീൽഡിലുമാണ്.
ഗ്രൂപ്പ് സിയിൽ നിന്ന് പി.എസ്.ജിക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ലിവർപൂൾ പ്രീക്വാർട്ടറിൽ എത്തിയത്. കളിച്ച ആറ് മത്സരങ്ങളിൽ നാലിലും ജയിച്ച് ഒരെണ്ണത്തിൽ പോലും തോൽക്കാതെ ഗ്രൂപ്പ് ഇിലെ ഒന്നാം സ്ഥാനക്കാരായാണ് ബയേൺ പ്ര്വീകാർട്ടറിൽ എത്തിയത്. അതേസമയം ആൻഫീൽഡിൽ അത്ര നല്ല ഓർമ്മകളല്ല ബയേണിനുള്ളത്.ഇവിടെ കളിച്ച മൂന്ന് മത്സരങ്ങളിൽ ഒരെണ്ണത്തിൽ പോലും അവർക്ക് ഗോൾ നേടാൻ കഴിഞ്ഞിട്ടില്ല. ചാമ്പ്യൻസ് ലീഗിൽ ഇതുവരെ ഒരിക്കൽ മാത്രമേ ഇരുടീമും മുഖാമുഖം വന്നിട്ടുള്ളൂ.1980-81ലെ സെമി ഫൈനലിലായിരുന്നു അത്. അന്ന് ലിവർ എവേ ഗോളിന്റെ പിൻബലത്തിൽ ഫൈനലിൽ എത്തുകയായിരുന്നു. യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ ഇതുവരെ ഏറ്രുമുട്ടിയ ഏഴ് മത്‌സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമേ ബേയണിന് ജയിക്കാനായിട്ടുള്ളൂ. നാലെണ്ണം സമനിലയായപ്പോൾ രണ്ടെണ്ണത്തിൽ ലിവർപൂൾ ജയിച്ചു.
ആൻഫീൽഡിൽ അവസാനം കളിച്ച 19 യൂറോപ്യൻ ചാമ്പ്യൻഷിപ്പ് പോരാട്ടങ്ങളിലും തോൽവിയറിയാതെ മുന്നേറുകയാണ് ലിവർപൂൾ. 2014ൽ റയൽ മാഡ്രിഡിനെതിരായാണ് സ്വന്തം മൈതാനത്ത് അവസാനമായി ലിവർ തോറ്റത്. റിബറി ബയേൺ നിരയിൽ ഇന്ന് കളിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം വയറിന് അസുഖം ബാധിച്ച ജെറോം ബോട്ടെംഗിന്റെ സേവനം ബയേണിന് നഷ്ടമാകും.
ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഇതുവരെ ലിയോണിനോട് തോറ്റിട്ടില്ലെന്ന ആത്മവിശ്വാസവുമായാണ് ബാഴ്സ ഇന്ന് കളിക്കാനിറങ്ങുന്നത്. അതേസമയം പത്ത് വർഷം മുമ്പാണ് ഇരുടീമും മുഖാമുഖം വന്നത്. ചാമ്പ്യൻസ് ലീഗിൽ ഇത്തവണ ഗ്രൂപ്പ് സ്റ്റേജിൽ ഇരുടീമും ഒരു മത്സരം പോലും തോൽക്കാതെയാണ് പ്രീക്വാർട്ടറിൽ എത്തിയത്.