കൽപ്പറ്റ: കാശ്മീരിലെ പുൽവാമയിൽ ഭീകരവാദികളുടെ ആക്രമണത്തിൽ വീരമൃത്യുവരിച്ച വസന്തകുമാറിന്റെ വീട് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. ഇന്നലെ രാത്രി എട്ടരയോടയാണ് തൃക്കൈപ്പറ്റയിലെ മുക്കംകുന്ന് വാഴക്കണ്ടി തറവാട്ട് വീട്ടിൽ ഇരുവരും സന്ദർശനം നടത്തിയത്.
വാഴക്കണ്ടി വീട്ടിലെത്തിയ നേതാക്കൾ വസന്തകുമാറിന്റെ ഭാര്യ ഷീന, അമ്മ ശാന്ത, മക്കളായ അനാമിക, അമർദീപ് എന്നിവരെ ആശ്വസിപ്പിച്ചു. നിലവിൽ വെറ്ററിനറി യൂണിവേഴ്‌സിറ്റിയിൽ താൽക്കാലിക ജോലി ചെയ്യുന്ന ഷീനയുടെ ജോലി പ്രത്യേക കേസായി കണക്കിലെടുത്ത് സ്ഥിരപ്പെടുത്തുന്നതിനായി സംസ്ഥാന മുഖ്യമന്ത്രിക്കും വനംവകുപ്പ് മന്ത്രിക്കും ഇന്ന് എട്ട് മണിക്കകം കത്ത് നൽകുമെന്ന് കുടുംബത്തെ സന്ദർശിച്ച ശേഷം ചെന്നിത്തല വ്യക്തമാക്കി.
കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കേന്ദ്രസംസ്ഥാന സർക്കാരുടെ എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച വസന്തകുമാറിന്റെ കുടുംബത്തിനായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കി. മുൻമന്ത്രി കെ സി ജോസഫ് എം എൽ എ, രാജ്‌മോഹൻ ഉണ്ണിത്താൻ, എം എൽ എമാരായ കെ സി ജോസഫ്, ശബരിനാഥൻ, അൻവർ സാദത്ത്, കെ പി സി സി സെക്രട്ടറി കെ പി അനിൽകുമാർ, എൻ ഡി അപ്പച്ചൻ, കെ കെ അബ്രഹാം, എം എസ് വിശ്വനാഥൻ, പി പി ആലി, കെ ഇ വിനയൻ, എം എ ജോസഫ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.