ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഗോവയോട് തോറ്റു (3-0)
ഗോവ സെമിയിൽ
പനജി : കൊച്ചിയിൽ ചൈന്നയിൻ എഫ്.സിക്കെതിരെ അടിച്ച മൂന്ന് ഗോൾ പനജിയിൽ ഗോവയിൽ നിന്ന് ബ്ലാസ്റ്രേഴ്സ് തിരിച്ചു വാങ്ങി.ഐ.എസ്.എല്ലി ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ഗോവയോട് തോറ്റു. ഫെറാൻ കോറോമിനാസും എഡു ബഡിയായും ഹ്യൂഗോ ബൗമൗസുമാണ് ഗോവയ്ക്കായി ലക്ഷ്യം കണ്ടത്. ചെന്നൈയിനെ തകർത്ത് വിട്ടതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സിന് പക്ഷേ ഗോവയുടെ ആക്രമണത്തിന് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തിയ ഗോവ സെമി ഫൈനലിന് യോഗ്യത നേടി.
16 മത്സരങ്ങളിൽ നിന്ന് ഗോവയ്ക്ക് 31 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ബംഗളൂരു എഫ്.സിക്കും 31 പോയിന്റാണുള്ളതെങ്കിലും ഗോൾ ശരാശരിയിൽ ഗോവയാണ് മുന്നിൽ. അതേസമയം 17 മത്സരങ്ങളിൽ നിന്ന് 14 പോയിന്റ് മാത്രമുള്ള ബ്ലാസ്റ്രേഴ്സ് ഒമ്പതാം സ്ഥാനത്താണ്. ബ്ലാസ്റ്രേഴ്സിന്റെ സീസണിലെ ഏഴാം തോൽവിയാണ് ഇന്നലത്തേത്. ഇത്തവണ രണ്ട് മത്സരങ്ങളിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത്.
ഇന്നലെ ഗോവയുടെ തട്ടകമായ പനജിയിലെ ജവഹർ ലാൽ നെഹ്റു സ്റ്രേഡിയത്തിൽ ഗോളി ധീരജ് സിംഗിന്റെ തകർപ്പൻ സേവുകൾ ഇല്ലായിരുന്നെങ്കിൽ ബ്ലാസ്റ്രേഴ്സിന്റെ തോൽവി ഇതിലും കനത്തതായേനെ. ആർത്തിരമ്പി വന്ന ഗോവൻ മുന്നേറ്റത്തിനു മുന്നിൽ ജിങ്കൻ നയിച്ച ബ്ലാസ്റ്റേഴ്സ് പ്രതിരോധം പലതവണ ആടിയുലഞ്ഞു. ബാൾ പൊസിഷനിലും ഉതിർത്ത ഷോട്ടുകളിലും പാസിംഗിലുമെല്ലാം ബ്ലാസ്റ്രേഴ്സിനെക്കാൾ മികച്ച് നിന്നത് ഗോവ തന്നെയായിരുന്നു. പോപ്ലാട്ട്നിക്കിനെ ഒറ്രയ്ക്ക് മുന്നിൽ നിറുത്തി 4-1-4-1 ശൈലിയിലാണ് കോച്ച് നിക്ക് വിൻഗാഡ ബ്ലാസ്റ്റേഴ്സിനെ കളത്തിലിറക്കിയത്. കോറോയെ ആക്രമണത്തിന് മുന്നിൽ വിന്യസിച്ച് 4-2-3-1 ശൈലിയാണ് ഗോവൻ കോച്ച് ലൊബേറ സ്വീകരിച്ചത്. 22-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിന്റെ വലയിൽ ഗോവ ആദ്യ ഗോൾ എത്തിച്ചത്.അവരുടെ ഗോളടിയന്ത്രം കോറോമിനാസായിരുന്നു സ്കോറർ. മൂന്ന് മിനിട്ടിനുള്ളിൽ എഡു ഗോവയുടെ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിൽ എഴുപത്തിയെട്ടാം മിനിട്ടിലായിരുന്നു ബൗമൗസ് ഗോവയുടെ മൂന്നാം ഗോൾ നേടിയത്.