india-

ഹേഗ്: കുൽഭൂഷൺ ജാദവിന് വധശിക്ഷ വിധിച്ച നടപടി നിയമവിരുദ്ധമെന്ന് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായകോടതിയിൽ. കുൽഭൂഷൺ യാദവിന്റെ കാര്യത്തിൽ അന്താരാഷ്ട്ര പെരുമാറ്റച്ചട്ടങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്നും ഇന്ത്യ ആരോപിച്ചു. ശിക്ഷ വിധിച്ച പാകിസ്താൻ സൈനിക കോടതിയിലെ ജഡ്ജിമാർക്ക് പ്രാഥമിക നിയമപരിജ്ഞാനം പോലുമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. കുൽഭൂഷൺ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചതിനെതിരെ ഇന്ത്യ നൽകിയ ഹർജിയിലാണ് വാദം നടക്കുന്നത്.


ശരിയായ വിചാരണ നടപടികൾക്ക് വിധേയനാവാൻ ഏതൊരാൾക്കും അവകാശമുണ്ടെന്ന് ഇന്ത്യയ്ക്കുവേണ്ടി ഹാജരായ മുൻ സോളിസിറ്റർ ജനറൽ ഹരീഷ് സാൽവെ ചൂണ്ടിക്കാട്ടി. പക്ഷേ ജാദവിന് അത് നിഷേധിക്കപ്പെട്ടു. പാകിസ്താനിലെ സൈനിക കോടതികളിൽ നടക്കുന്നത് ഒട്ടും സുതാര്യമല്ലാത്ത നടപടിക്രമങ്ങളാണ്. ഇത്തരത്തിൽ 161 പേരെ പാകിസ്താൻ വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ടെന്നും ഇന്ത്യ വാദിച്ചു.

സൈനിക ഉദ്യോഗസ്ഥരാണ് പാകിസ്താൻ സൈനിക കോടതികളിലെ ജഡ്ജിമാർ. ഇവർക്ക് നിയമപരീശീലനമോ നിയമ ബിരുദമോ പോലും ഇല്ല. സൈനിക കോടതിയുടെ നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും സാൽവേ ആവശ്യപ്പെട്ടു. കുൽഭൂഷണെ അറസ്റ്റ് ചെയ്ത കാര്യം പാകിസ്താൻ ഇന്ത്യയെ അറിയിച്ചിരുന്നില്ല. അദ്ദേഹത്തിനെതിരെയുള്ള കുറ്റങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും ഇന്ത്യ ആരോപിച്ചു.

അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നടക്കുന്ന നാലു ദിവസത്തെ വാദത്തിൽആദ്യ രണ്ടു ദിവസങ്ങളിൽ ഇന്ത്യയും പാകിസ്താനും വാദങ്ങള്‍ അവതരിപ്പിക്കും. മൂന്നാം ദിവസം ഇന്ത്യയും നാലാം ദിവസം പാകിസ്താനും മറുപടി നല്‍കും.