നിരൂപക പ്രശംസ നേടിയ ദി ലഞ്ച് ബോക്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റിതേഷ് ബത്ര സംവിധാനം ചെയ്യുന്ന ഫോട്ടോഗ്രാഫ് എന്ന ചിത്രത്തിന്റെ ട്രെയിലരിന് വൻ വരവേല്പ്. നവാസുദ്ദിൻ സിദ്ദിഖി തെരുവ് ഫോട്ടോഗ്രാഫറായി എത്തുന്ന ചിത്രത്തിൽ സാനിയ മൽഹോത്രയാണ് നായിക. മുംബയിൽ വെച്ച് കണ്ടുമുട്ടുന്ന രണ്ട് അപരിചിതരുടെ ജീവിതമാണ് ചിത്രം പറയുന്നത്. അപൂർവ്വമായ ഒരു പ്രണയകഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഒരു തെരുവു ഫോട്ടോഗ്രാഫറും ഒരു പെൺകുട്ടിയും തമ്മിലെ ബന്ധം വരച്ചുകാട്ടുന്ന ചിത്രമാണ് ഫോട്ടോഗ്രാഫ്. മുത്തശ്ശിയുടെ നിർബന്ധത്താൽ വിവാഹം കഴിക്കാൺ ഒരു പെൺകുട്ടിക്കായുള്ള അന്വേഷണത്തിനിടയിൽ നായികയെ കാണുന്നതും അവരുടെ ബന്ധവുമാണ് ചിത്രത്തിന്റെ ട്രെയിലർ നൽകുന്ന സൂചന. ബെർലിൻ, സുണ്ടൻസ് ഫിലിം ഫെസ്റ്റിവലുകളിൽ ചിത്രം ഏറെ പ്രശംസകളേറ്റു വാങ്ങിയിരുന്നു.
ഫാറൂക്ക് ജാഫർ, ഗീതാഞ്ജലി കുൽക്കർണി, വിജയ് റാസ്, ജിം സർബ്, ആകാശ് സിൻഹ, സഹർഷ് കുമാർ ശുക്ല തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. ആമസോൺ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രം മാർച്ച് 15ന് പ്രദർശനത്തിനെത്തും.