കഴിഞ്ഞ ദിവസമാണ് കാസർകോടിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്തു കൊല്ലപ്പെട്ടത്. ദാരുണമായ കൊലപാതത്തിൽ കേരളം വിറങ്ങലിച്ച് നിൽക്കുമ്പോൾ സോഷ്യൽ മീഡീയയിലൂടെ കൊലപാതകത്തെ ന്യായീകരിക്കാനും ചിലർ ശ്രമിച്ചിരുന്നു. കൊലപാതകത്തിന് പിന്നിൽ സി.പി.എമ്മാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. എന്നാൽ കൊലപാതകത്തിൽ പാർട്ടിക്ക് യാതൊരുവിധ പങ്കുമില്ലെന്നാണ് സി.പി.എം വ്യക്തമാക്കുന്നത്.
ഇന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കൊല്ലപ്പെട്ട കൃപേഷിന്റെ വീട് സന്ദർശിച്ചിരുന്നു. കൃപേഷിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനിടയിൽ മുല്ലപ്പള്ളി വികാരഭരിതനായകകയും കരയുകയും ചെയ്തിരുന്നു. ഇത് പിന്നിട് മാദ്ധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വലിയ രീതിയിൽ വാർത്തയാകുകയും ചെയ്തു.
എന്നാൽ സോഷ്യൽ മീഡിയയിലൂടെ മുല്ലപ്പള്ളിയുടെ കരച്ചിലിനെ വിമർശിച്ച് ചിലർ രംഗത്തെത്തിയിരുന്നു. കരച്ചിൽ വെറും അഭിനയമാണെന്നാണ് ഇക്കൂട്ടർ പറയുന്നത്. ഇതിന്റെ ഭാഗമായി നിരവധി ട്രോളുകൾ ഇറങ്ങുകയും ചെയ്തു. എന്നാൽ മനസാക്ഷിയെ മരവിപ്പിക്കുന്ന കൊലപാതകം നടന്നിട്ട് അതിനെതിരെ പ്രതികരിക്കാതെ മുല്ലപ്പള്ളിയെ ട്രോളുന്നവർക്കെതിരെ ശക്തമായ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്ത് വന്നത്.
ഫേസ്ബുക്ക് കുറിപ്പുകൾ
അഭിമന്യൂ കൊല്ലപ്പെട്ടപ്പോൾ സൈമൺബ്രിട്ടോയുടെ കണ്ണുനിറഞ്ഞത് സവാള അരിഞ്ഞിട്ടാണെന്ന് ആരും പറഞ്ഞുകണ്ടില്ല.
അങ്ങനെ ആരേലും പറഞ്ഞാലും നമ്മൾ അത് ആവർത്തിക്കാതിരിക്കാനുള്ള മര്യാദ കാണിക്കണം.
മകൻ കൊല്ലപ്പെട്ട വീട്ടിൽ.. അച്ഛനും സഹോദരിയും വാവിട്ടുകരയുമ്പോൾ ആ നേതാവിൻറെ കണ്ണുനിറഞ്ഞിട്ടുണ്ടേൽ വേദന ഉണ്ടായിരുന്നിരിക്കണം. അതിപ്പോൾ കാപട്യമാണേൽ തന്നെ (എനിക്കൊരിക്കലും അങ്ങനെ കരുതാനാവില്ല) ആ അവസ്ഥയെ നിങ്ങളെത്രപെട്ടെന്നാണ് നിസാരവത്കരിക്കുന്നത്.
ആ അച്ഛന്റെയും സഹോദരിയുടെയും കണ്ണുനീരും തങ്ങളുടെ അളവ് സ്കെയിൽ ഉപയോഗിച്ച് അളന്ന് താത്വിക അവലോകനം നടത്തുമോ?
എങ്ങനെയാണ് ഇതിനു സാധിക്കുന്നത്?
കരയുവാനും വേദനിക്കുവാനും സിപിഎമ്മിനു മാത്രമേ കഴിയുകയുള്ളോ?
'രാഷട്രീയമര്യാദ' അത് വേണ്ട ഒന്നാണ്. അത് അവർക്കില്ലേൽ ഞങ്ങൾക്കെന്തിനാണ് എന്നു ചോദിക്കുന്നിടത്ത് തന്നെ അത് ഇല്ലാതായി കഴിഞ്ഞു.
പത്തൊൻപത് വയസ്സുളള ഒരു പയ്യൻ ആണ് ക്രൂരമായി വെട്ടേറ്റ് മരിച്ച് കിടന്നിരുന്നത്.. അതും രാഷ്ട്രീയത്തിന്‍റെ പേരിൽ.. ആ വീട്ടിലെ കരച്ചിൽ ടിവിയിൽ കണ്ടവർക്ക് പോലും കണ്ണിൽ വെളളം വന്ന് കാണും ഉറപ്പാണ്.. അവിടെ മുല്ലപ്പളളി കരഞ്ഞതിൽ യാതൊരു അസ്വാഭാവികതയും തോന്നിയില്ല എന്ന് മാത്രമല്ല എത്ര മനക്കട്ടി ഉളള ആളായാലും കരഞ്ഞ് പോകും എന്നതാണ് സത്യം.. ഈ കരച്ചിലിനെ ഒക്കെ ട്രോള്‍ ചെയ്യുന്ന എല്ലാ മനുഷ്യത്വം ഇല്ലാത്തവൻമാരോടും സഹതാപം ഉണ്ട്.. മാനവികത എന്തെന്നോ മരിച്ചാൽ ഉണ്ടാകുന്ന വികാരമോ മനസിലാക്കാൻ കഴിയാത്തവന്‍ ദയവായി ഇനി കമ്മ്യൂണിസ്റ്റ് എന്ന് സ്വയം വിളിക്കരുത്..
ഞാന്‍ പഠിച്ച കമ്മ്യൂണിസം വേദനിക്കുന്നവന്റെ കൂടെ നിൽക്കുന്നതാണ്.. ദരിദ്രപക്ഷത്ത് നിൽക്കുന്നതാണ്.. പതിതനൊപ്പം നിൽക്കുന്നതാണ്.