ai-

ഈ കാണുന്ന ചിത്രങ്ങളിൽ ഒരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്. ചിലപ്പോൾ ചിത്രം കാണുമ്പോൾ പലർക്കും വിശ്വസിക്കാനും ബുദ്ധിമുട്ട് കാണും. എന്തെന്നാൽ ഈ ചിത്രങ്ങലിൽ ഉള്ളവർ ഭൂമിയിൽ ഇതുവരെ ജീവിച്ചിരുന്നിട്ടില്ല. സൈബർ ലോകത്തെ ഏറ്റവും പുതിയ ചർച്ചയാണ് thispersondoesnotexist.com എന്ന വെബ്സൈറ്റ്.

ഈ വെബ്സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഒരു ചിത്രം നിങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടും. എന്നാൽ ആ വ്യക്തി ഭൂമിയിൽ ജനിച്ചിട്ടും ജീവിച്ചിട്ടും ഇല്ല എന്നതാണ് സത്യം. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് സാങ്കേതിക വിദ്യയാണ് യഥാർത്ഥ മുഖങ്ങളെ വെല്ലുന്ന രീതിയിൽ മനുഷ്യ മുഖങ്ങൾ നിർമ്മിച്ചെടുത്തത്.

ആ‍ർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് സാങ്കേതികവിദ്യയുടെ കരുത്ത് എത്രത്തോളമെന്ന് വിശദീകരിക്കുന്നതിനായി ഊബർ സോഫ്റ്റ് വെയർ വിദഗ്ദ്ധനായ ഫിലിപ് വാങ് ആണ് ഈ വെബ്‌സൈറ്റ് നിർമ്മിച്ചത്..

അദ്ദേഹത്തിന്റെ thispersondoesnotexist.com എന്ന വെബ്‌സൈറ്റിൽ ഈ ചിത്രങ്ങൾ കാണാം. ഈ ലിങ്കില്‍ കയറി പേജ് റിഫ്രഷ് ചെയ്താൽ ഒരോ മുഖങ്ങളായി കാണാം. പ്രായമുള്ളവർ,​ യുവാക്കൾ, സ്ത്രീകൾ പുരുഷന്മാർ, കുട്ടികൾ ഉൾപ്പടെയുള്ള വ്യാജമുഖങ്ങൾ ഈ വെബ്‌സൈറ്റിന് നിർമ്മിക്കാനാകും.

നിരവധി യഥാർത്ഥചിത്രങ്ങൾ ഉപയോഗിച്ച് പരിശീലിപ്പിച്ച അൽഗൊരിതമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ശേഷം ജനറേറ്റീവ് അഡ്വേഴ്‌സറിയൽ നെറ്റ് (ജി.എ.എൻ) എന്ന ന്യൂറൽ നെറ്റ് വർക്ക് ഉപയോഗിച്ച് പുതിയ മുഖങ്ങൾ നിർമിക്കുന്നു. അതിൽ ഒരോ ചിത്രവും വ്യത്യസ്തവും സമാനതയില്ലാത്തവയുമാണ്.

2014 ലാണ് ഈ സാങ്കേതികവിദ്യ വികസിപ്പിക്കപ്പെടുന്നത്. ചിത്രങ്ങളുടെ റസലൂഷൻ വർദ്ധിപ്പിക്കുക,​ ജനപ്രിയ ചിത്രങ്ങളും പെയിന്റിംഗുകളും പുനഃസൃഷ്ടിക്കുക, ഡീപ്പ് ഫേക്ക് വീഡിയോകളും ചിത്രങ്ങളും നിർമിക്കുക, ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളെ കളർ ചിത്രങ്ങളാക്കുക തുടങ്ങി നിരവധി ഉപയോഗങ്ങൾ ഈ സംവിധാനത്തിനുണ്ട്. എന്നാൽ വീഡിയോകളുടെയും ചിത്രങ്ങളുടെയും ആധികാരികത കളയും വിധം ഈ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും ഏറെയാണ്.