തിരുവനന്തപുരം: ഒരാണ്ടത്തെ കാത്തിരിപ്പിന് അവസാനമാകുന്നു. ഇഷ്ടവരദായിനിയായ ആറ്റുകാലമ്മയ്ക്കു മുന്നിൽ കണ്ണും മനസും നിറഞ്ഞ് പ്രാർത്ഥിച്ച് പൊങ്കാലയടുപ്പിൽ പുണ്യം നിറഞ്ഞുതൂകാൻ ഇനി ഒരു രാവിന്റെ മാത്രം അകലം. നാളത്തെ പകലിൽ ക്ഷേത്രാങ്കണത്തിലെ പണ്ടാരയടുപ്പിൽ തീപകരുന്നതോടെ അനന്തപുരി ഒരിക്കൽകൂടി യാഗശാലയാകും. അന്തരീക്ഷം ആറ്റുകാലമ്മയെന്ന ഒറ്റ മന്ത്രത്തിന്റേതാകും. നഗരം പൊങ്കാലപ്പാച്ചിലിന്റെ അവസാനവട്ട തയ്യാറെടുപ്പിലാണ്. പൊങ്കാലക്കലങ്ങളും പൊങ്കാലദ്രവ്യങ്ങളും വാങ്ങാനുള്ള ഭക്തജനങ്ങളുടെ തിരക്കാണ് നഗരത്തിൽ എല്ലായിടത്തും. ആറ്റുകാലമ്മയുടെ സന്നിധിയിൽ തന്നെ പൊങ്കാലയിടാനായി ഭക്തർ നേരത്തേകൂട്ടി സ്ഥലംപിടിച്ചുകഴിഞ്ഞു. പൊങ്കാലയെ വരവേൽക്കാനായി വിവിധ സന്നദ്ധസംഘടനകളും ക്ഷേത്രങ്ങളും റസിഡന്റ്സ് അസോസിയേഷനുകളും കൂട്ടായ്മകളും ഒരുങ്ങി. പൊങ്കാലയ്ക്ക് അതിഥികളായി എത്തുന്ന ബന്ധുജനങ്ങളെയും സുഹൃത്തുക്കളെയും സ്വീകരിക്കാൻ വീടുകളും ഒരുങ്ങിക്കഴിഞ്ഞു. തോരണങ്ങളാലും കുരുത്തോലകളാലും അലങ്കാര വെളിച്ചങ്ങളാലും ഒരുങ്ങിയ നഗരം പൊങ്കാലപ്പകലിനെ കൈനീട്ടി വിളിക്കാൻ തയ്യാറായി നിൽക്കുന്നു. പണ്ടാരയടുപ്പിൽ തീപകരാനുള്ള കാത്തിരിപ്പാണ് ഇനി നഗരത്തിന്.
വ്രതപുണ്യത്തോടെ പൊങ്കാലയർപ്പിക്കാൻ...
ദേവിയെ കാപ്പുകെട്ടി പാട്ടുപന്തലിൽ കുടിയിരുത്തിയ നാൾ തൊട്ട് വ്രതപുണ്യമനുഷ്ഠിച്ച് ശുദ്ധിനേടിയ മനസുമായി നാരീജനങ്ങൾ അഭീഷ്ടവരദായിനിയായ ആറ്റുകാലമ്മയ്ക്ക് നാളെ പൊങ്കാലയർപ്പിക്കും. സർവദുരിതവും മാറ്റിത്തരണമേ, അനുഗ്രഹം ചൊരിയേണമേ, നവഗ്രഹദുരിതങ്ങളും മാറ്റിത്തരണമേ, ദൃഷ്ടിദോഷം, വിളിദോഷം, ശാപദോഷം എന്നിവ മാറ്റിത്തരണമേ എന്നു പ്രാർത്ഥിച്ച് ഭക്തർ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കുമ്പോൾ അനന്തപുരി ഒരിക്കൽകൂടി യാഗശാലയാകും. കത്തിക്കാളുന്ന കുംഭച്ചൂടേറ്റ് പൊള്ളിയ നിലത്ത് അടുപ്പുകൂട്ടി അതിൽ പുത്തൻകലം വച്ച് തീകത്തിക്കുമ്പോൾ നഗരം തിളച്ചുപൊങ്ങും. പൊങ്കാലക്കലങ്ങളിൽ ഉണക്കലരി, നാളികേരം, ശർക്കര, ചെറുപഴം, തേൻ, നെയ്യ്, പഞ്ചസാര, കൽക്കണ്ടം, ഉണക്കമുന്തിരി, ചെറുപയർ, കശുഅണ്ടിപ്പരിപ്പ്, എള്ള് എന്നിങ്ങനെ ദ്രവ്യങ്ങൾ തിളച്ചുതൂകി അമ്മയ്ക്ക് നിവേദ്യമാകും. നിറഞ്ഞുതൂകുന്ന പൊങ്കാലക്കലങ്ങൾ വരാനിരിക്കുന്ന അഭിവൃദ്ധിയുടെ സൂചനയാണെന്നാണ് സങ്കല്പം.
തിരക്കിന്റെ മൂർദ്ധന്യത്തിൽ ക്ഷേത്രപരിസരം
ഒരാഴ്ചയായി പൊങ്കാല ഉത്സവത്തിന്റെ തിരക്കിലായ ആറ്റുകാൽ ക്ഷേത്രപരിസരം പൊങ്കാലയർപ്പിക്കാൻ വിവിധ ദേശങ്ങളിൽ നിന്നുള്ള ഭക്തരുടെ വരവു കൂടിയായതോടെ തിരക്കിന്റെ മൂർദ്ധന്യത്തിലെത്തിക്കഴിഞ്ഞു. പുലർകാലം മുതൽ അമ്മയെ തൊഴാനെത്തുന്ന ഭക്തരും ഉത്സവപ്പറമ്പിലെ കച്ചവടക്കാരും ഉത്സവപ്രേമികളും ചേർന്ന് സജീവമാക്കുന്ന ക്ഷേത്രപരിസരത്ത് രാവേറെച്ചെല്ലുമ്പോഴും തിരക്കൊഴിയുന്നില്ല. ഉത്സവനാളിൽ അമ്മയെ കണ്ടുതൊഴാനെത്തുന്ന ഭക്തർക്ക് ക്ഷേത്രത്തിനകത്ത് കടക്കാൻ മണിക്കൂറുകളാണ് വരിയിൽ നിൽക്കേണ്ടിവന്നത്.
അഞ്ചര കിലോമീറ്ററിൽ പൊങ്കാല
ക്ഷേത്രത്തിന്റെ അഞ്ചര കിലോമീറ്റർ ചുറ്റളവിൽ ഇക്കുറി പൊങ്കാല അടുപ്പുകൾ നിരക്കുമെന്നാണ് കണക്കാക്കുന്നത്. ആറ്റുകാൽ, മണക്കാട്, കമലേശ്വരം, കാലടി, കരമന, കിള്ളിപ്പാലം തുടങ്ങി ക്ഷേത്രത്തോട് അടുത്ത സ്ഥലങ്ങളിലും എം.ജി റോഡിലുമായിരിക്കും കൂടുതൽ അടുപ്പുകൾ നിരക്കുക. ഇതിനുപുറമെ ബൈപാസിലും നഗരത്തിലെ മറ്റ് ഇടറോഡുകളിലും പൊങ്കാലയടുപ്പുകൾ നിരക്കും. റെയിൽവേസ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലും അടുപ്പുകളുണ്ട്. നഗരപരിധിയിലുള്ള വിവിധ ക്ഷേത്രങ്ങളിലും ഭക്തർക്ക് പൊങ്കാലയിടാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
ക്ഷേത്രത്തിനടുത്തു തന്നെ പൊങ്കാലയർപ്പിക്കാൻ സ്ഥലംപിടിക്കാനായി ഒട്ടേറെപ്പേരാണ് ഇന്നലെ എത്തിയത്. എല്ലാവരും ചുടുകട്ടയും ചൂട്ടും വച്ച് സ്ഥലം പിടിച്ച് ഇരിപ്പുറപ്പിച്ചുകഴിഞ്ഞു. ദൂരദേശങ്ങളിൽ നിന്നുള്ളവരാണ് ഇന്നലെ എത്തിയതിൽ ഏറിയ പങ്കും.
പൊങ്കാലയ് ക്കായി സജ്ജീകരണങ്ങൾ
പൊങ്കാലയർപ്പിക്കാനെത്തുന്നവർക്ക് കുടിവെള്ളവും ഉച്ചഭക്ഷണവും വിവിധ സന്നദ്ധസംഘടനകളും ക്ലബുകളും റസിഡന്റ്സ് അസോസിയേഷനുകളും ആരാധനാലയങ്ങളും ഒരുക്കിയിട്ടുണ്ട്. സർക്കാർ തലത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഗ്രീൻ പ്രോട്ടോക്കോൾ ഇത്തവണ കർശനമാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് സാധനങ്ങൾക്കും കവറുകൾക്കും പ്രവേശനമില്ല. ഭക്തജനങ്ങൾക്ക് നൽകുന്ന ഭക്ഷണപദാർത്ഥങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശന പരിശോധനയ്ക്ക് വിധേയമാക്കും. സുരക്ഷയ്ക്കായി 4000ലേറെ പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. അടിയന്തര സാഹചര്യം നേരിടാൻ പരിശീലനം ലഭിച്ച വനിതാ കമാൻഡോ സംഘത്തെ ക്ഷേത്രപരിസരത്ത് വ്യന്യസിച്ചിട്ടുണ്ട്. ഇതിനുപുറമെ പൊലീസിന്റെ ക്വിക്ക് റെസ്പോൺസ് ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. ക്ഷേത്രത്തിൽ നിന്നുള്ള അറിയിപ്പുകൾ കേൾക്കാൻ സാധിക്കാത്ത സ്ഥലങ്ങളിൽ മൈക്കിലൂടെ പൊലിസ് അറിയിപ്പ് ഉണ്ടാകും.
പ്രധാന പോയിന്റുകളിൽ ആംബുലൻസ്, ഓക്സിജൻ പാർലർ, ഫയർ എൻജിൻ തുടങ്ങി സംവിധാനവും ഉണ്ടായിരിക്കും. കുടിവെള്ള വിതരണത്തിനായി മുപ്പതോളം ടാങ്കുകളും 1500ലേറെ താത്കാലിക ടാപ്പുകളും സജ്ജീകരിക്കും. കെ.എസ്.ആർ.ടി.സിയുടെയും റെയിൽവേയുടെയും പ്രത്യേക സർവീസുകളും ഉണ്ടായിരിക്കും. പൊങ്കാലയ്ക്കുശേഷം മണിക്കൂറുകൾക്കകം നഗരം വൃത്തിയാക്കുന്നതിന് നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ തൊഴിലാളികളെ ഏർപ്പെടുത്തിയിട്ടുണ്ട്. പൊങ്കാലയിട്ട് ജനങ്ങൾ ഉപേക്ഷിക്കുന്ന ചുടുകട്ട നഗരസഭയുടെ പ്രത്യേക സ്ക്വാഡിന്റെ നേതൃത്വത്തിൽ ശേഖരിക്കും. ഇത് ഇൻസ്റ്റലേഷനായും പിന്നീട് നഗരസഭയുടെ പാർപ്പിട പദ്ധതിക്കുമായി ഉപയോഗിക്കും.