തിരുവനന്തപുരം: ആറ്റുകാലമ്മയുടെ തിരുനടയിലേക്ക് ഒരു വിളക്കുകെട്ട് ഘോഷായത്ര. അതൊരു നേർച്ചയാണ്. സ്വീകാര്യത ഏറി വരുന്ന നേർച്ച. പ്രാർത്ഥിക്കുന്ന കാര്യം നേടുമ്പോൾ ദേവിയുടെ നടയിൽ നേർച്ചയായിട്ടാണ് വിളക്കുകെട്ട് ഘോഷയാത്ര നേരുന്നത്. രണ്ടു വർഷം മുമ്പു വരെ കുറച്ചു വിളക്കുകെട്ട് ഘോഷയാത്രകളാണ് നടന്നിരുന്നത്. എന്നാൽ ഇത്തവണ ദിവസവും അമ്പല നടയിലേക്ക് വിളക്കുകെട്ട് ഘോഷയാത്രകൾ ഒന്നിനു പിറകെ ഒന്നായി എത്തുകയാണ്.
ദേവിയുടെ ചിത്രം ഇരുപുറത്തും വച്ചാണ് വിളക്കുകെട്ട് ഒരുക്കുന്നത്. കുരുത്തോല, രാമച്ചം, പൂക്കൾ, വർണക്കടലാസുകൾ എന്നിവ കൊണ്ടൊക്കെയാണ് വിളക്കുകെട്ട് നിർമ്മിക്കുന്നത്. വ്രതമെടുത്തിട്ടുള്ള ആൾ വിളക്കുകെട്ട് ചുമന്ന് ചുവടു വയ്ക്കുന്നു. വാദ്യമേളങ്ങളും ഉണ്ടാകും. ഉദ്ദിഷ്ടകാര്യ സിദ്ധിക്കായി വിളക്കുകെട്ട് നേർന്നവരുടെ വീട്ടിൽ നിന്നാണ് ഘോഷയാത്ര തുടങ്ങുന്നത്. വീട്ടുകാരും ബന്ധുക്കളും അയൽവാസികളുമെല്ലാം ഘോഷയാത്രയ്ക്കൊപ്പം അമ്പലത്തിലേക്കു പോകും.
സന്ധ്യയ്ക്കു ശേഷമാണ് വിളക്കുകെട്ട് ഘോഷയാത്ര പുറപ്പെടുന്നത്. ഘോഷയാത്ര അമ്പലത്തിൽ എത്തുന്ന മുറയ്ക്ക് ടോക്കൺ ലഭിക്കും. രാത്രി 12 മുതൽ വിളക്കുകെട്ട് ക്ഷേത്ര കവാടത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കും. ആദ്യം എത്തുന്ന വിളക്കുകെട്ടിന് ആദ്യം പ്രവേശനം ലഭിക്കും. ഒരു മണിവരെ ഇതു തുടരും. ദിവസവും ഇരുപതോളം വിളക്കുകെട്ട് ഘോഷയാത്രകളാണ് എത്തുന്നത്.
ഘോഷയാത്ര ഗതാഗത തടസം ഉണ്ടാക്കുമെന്നതിനാൽ പൊലീസിനെ കൂടി വിവരം അറിയിക്കേണ്ടതുണ്ട്. പൊലീസ് സംരക്ഷണത്തോടെയാണ് ഓരോ വിളക്കുകെട്ട് ഘോഷയാത്രയും അമ്പലത്തിലേക്കു എത്തുന്നത്.