തിരുവനന്തപുരം: ഉഷഃപൂജയ്ക്ക് ശേഷം കണ്ണകീചരിതം പാട്ടുപുരയിൽ നിന്നും മധു ആശാനും സംഘവും കൈമണി കൊട്ടി പാടിയപ്പോൾ കുത്തിയോട്ട ബാലന്മാർ ഈറനോടെ ദേവിയെ പ്രദക്ഷിണം വച്ചു . ദേവിയുടെ അനുചരൻമാരെന്ന സങ്കല്പത്തോടെ വ്രതം നോൽക്കുന്ന ബാലന്മാർക്ക് നിർദ്ദേശവുമായി ഇവർക്കൊപ്പമുള്ളത് രാധാകൃഷ്ണൻ ആചാരിയെന്ന ദേവീഭക്തൻ.
എട്ടു വയസ് മുതൽ ആറ്റുകാലമ്മയുടെ ഉപാസകനാണ് ഇദ്ദേഹം. ഇപ്പോൾ 67 വയസ്. 34 വർഷമായി കുത്തിയോട്ട വ്രതമെടുക്കുന്ന കുട്ടികളെ ചൂരൽകുത്തുന്നത് ഇദ്ദേഹമാണ്. കുട്ടികൾ വ്രതം നോൽക്കാൻ എത്തുന്നതു മുതൽ അവർക്കൊപ്പം എപ്പോഴും രാധാകൃഷ്ണൻ ആചാരി ഉണ്ടാവും. കുട്ടികളെ കുളിപ്പിക്കാനും ഏഴു ദിവസം കൊണ്ട് 1008 പ്രദക്ഷിണം പൂർത്തിയാക്കാനും വേണ്ട നിർദ്ദേശങ്ങൾ നൽകി വർഷങ്ങളായി ദേവിയുടെ ഉപാസകനായി കഴിയുന്നു. പരമ്പരാഗതമായി കുര്യാത്തി കുഴുപ്പാട് തറവാട്ടുകാരാണ് ആറ്റുകാലമ്മയുടെ പടയാളികൾക്ക് ചൂരൽകുത്തുന്നത്. രാധാകൃഷ്ണന്റെ അമ്മാവൻ അപ്പുക്കുട്ടൻ ആചാരിയായിരുന്നു മുമ്പത്തെ ചൂരൽകുത്താശാൻ. അമ്മാവന്റെ സഹായിയായാണ് രാധാകൃഷ്ണൻ ക്ഷേത്രത്തിലെത്തുന്നത്. അമ്മാവന്റെ മരണശേഷം ചൂരൽകുത്ത് ഏറ്റെടുത്തു. ആദ്യമായി ചൂരൽകുത്തുമ്പോൾ ഉണ്ടായിരുന്നത് 260 കുട്ടികൾ. 41 ദിവസത്തെ വ്രതം അനുഷ്ഠിച്ചാണ് ഈ ചടങ്ങിനായി തയ്യാറാകുന്നത്. ഏതാനും വർഷങ്ങളായി മകൻ ആനന്ദും സഹായത്തിനുണ്ട്. ഇക്കുറി 815 ബാലൻമാരാണ് കുത്തിയോട്ട വ്രതമെടുക്കുന്നത്.
കുത്തിയോട്ടക്കാർ എല്ലാ ദിവസവും രാവിലെയും വൈകിട്ടും കുളിച്ച് ഈറനോടെ തിരുനടയിലെത്തി നമസ്കരിക്കണം. രാത്രിയിൽ ക്ഷേത്രത്തിനകത്ത് മെടഞ്ഞ ഓല വിരിച്ചാണ് ഉറക്കം. പൊങ്കാലദിവസം രാത്രി എഴുന്നള്ളത്തിന് മുന്നോടിയായി ഇവരെ അണിയിച്ചൊരുക്കും. മയിൽപ്പീലി കിരീടവും പൂച്ചെണ്ടുമായി തിരുനടയിൽ എത്തുന്ന ബാലന്മാരെ ചൂരൽ കുത്തുന്നത് ആശാനാണ്. ശരീരത്തിന്റെ ഇരുവശങ്ങളിലുമായി വാരിയെല്ലിനു താഴെ തൊലിയിൽ വെള്ളി നൂൽ കൊരുത്ത് അതിന് പുറത്ത് ഭസ്മവും വെറ്റിലയും ചേർത്തുവച്ചു കെട്ടുന്നതാണ് ചൂരൽകുത്ത്. പിന്നീട് എഴുന്നള്ളത്തിന് അകമ്പടിയായി മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക്. തിരികെ ആറ്റുകാലിൽ എത്തി ചൂരൽ ഇളക്കുന്നതോടെയാണ് വ്രതം സമാപിക്കുക. ദേവിയുടെ മുറിവേറ്റ പടയാളികളാണിവരെന്നാണ് സങ്കല്പം.
'' പിഴവില്ലാതെ എല്ലാം ഭംഗിയാക്കണേ അമ്മേ ..... എന്ന പ്രാർത്ഥനയോടെയാണ് ഞാൻ വ്രതം തുടങ്ങുന്നത്. ആളും തിരക്കും കൂടുമ്പോൾ നിലവിളക്കിന്റെ മാത്രം വെളിച്ചത്തിലാണ് ചൂരൽ കുത്തൽ. എല്ലാ കുട്ടികളെയും ഞാൻ ഒറ്റയ്ക്കാണ് ചൂരൽ കുത്തുന്നത്. ഒരു മിനിട്ടിൽ നൂറോളം കുട്ടികളെ ചൂരൽകുത്തും. അതെങ്ങനെ നടക്കുന്നുവെന്ന് പിന്നീട് ചോദിച്ചാൽ അറിയില്ല. അമ്മയുടെ അനുഗ്രഹമാണ് എല്ലാത്തിനും പിന്നിൽ. " -ആചാരി ക്ഷേത്രത്തിലേക്ക് നോക്കി തൊഴുകൈകളോടെ പറഞ്ഞു നിറുത്തി.