തിരുവനന്തപുരം: ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാലയർപ്പിക്കാൻ പതിവ് തെറ്റിക്കാതെ അമേരിക്കയിലെ കാലിഫോർണിയ സ്വദേശി ഡയാന ജാനറ്റ് എത്തി. ഇത് തുടർച്ചയായ 23-ാം തവണയാണ് ജാനറ്റ് പൊങ്കാലയിടാനായി തിരുവനന്തപുരത്ത് എത്തുന്നത്. പൊങ്കാലക്കാലമാകുന്നതോടെ ജാനറ്റ് തനി മലയാളിയായി മാറും. ഭക്തിയുടെ കാര്യത്തിൽ മാത്രമല്ല, മലയാളി സ്ത്രീകളെ പോലെയുള്ള വസ്ത്രധാരണത്തിലും ജാനറ്റ് ശ്രദ്ധ പുലർത്തുന്നു. ആറ്റുകാലിൽ ഇത്രയുംകാലം തനിക്ക് പൊങ്കാല അർപ്പിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നതായി ജാനറ്റ് പറഞ്ഞു. ലോകത്ത് ഇത്രയും സ്ത്രീകൾ ഒരുമിച്ച് കൂടുന്ന ഒരു ഉത്സവം വേറെ ഉണ്ടാകില്ലെന്നും അവർ പറഞ്ഞു.
1984ലാണ് ജാനറ്റ് ആദ്യമായി ആറ്റുകാലിൽ പൊങ്കാല ഇട്ടത്. വിമെൻസ് കോളേജിലെ മുൻ അദ്ധ്യാപിക ഹേമയോടും ചെന്നൈയിലെ സുഹൃത്ത് മഹാലക്ഷ്മിയോടുമൊപ്പമായിരുന്നു ഇത്. പിന്നീട് 1995ൽ വീണ്ടും പൊങ്കാലയ്ക്കെത്തി.1997 മുതൽ തുടർച്ചയായി ജാനറ്റ് ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കുന്നുണ്ട്. ഇതിനിടെ രണ്ട് തവണ മാത്രമാണ് പൊങ്കാലയിടാനാകാതെ പോയത്. അപ്പോൾ കാലിഫോർണിയയിലെ ക്ഷേത്രത്തിൽ പൊങ്കാല അർപ്പിച്ച് ആത്മനിർവൃതിയടഞ്ഞു. പിന്നീട് എല്ലാ മലയാളികളെയും പോലെ പൊങ്കാലയെ ജാനറ്റും നെഞ്ചേറ്റി. ഇത് മാത്രമല്ല, ആറ്റുകാൽ പൊങ്കാലയ്ക്ക് ഗിന്നസ് റെക്കാഡ് നേടിക്കൊടുത്ത ശ്രമങ്ങൾക്ക് പിന്നിലും ജാനറ്റിന്റെ കരങ്ങളാണ്.
അമേരിക്കയിലെ സാൻഫ്രാൻസിസ്കോ ട്രാൻസ്പേഴ്സണൽ സൈക്കോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറായ ജാനറ്റ് കാലിഫോർണിയയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്റഗ്രൽ സ്റ്റഡീസിൽ നിന്ന് ആറ്റുകാൽ പൊങ്കാലയെ കുറിച്ച് ഡോക്ടറേറ്റും നേടിയിട്ടുണ്ട്. അമേരിക്കയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർവകലാശാലകളിലും ആറ്റുകാൽ പൊങ്കാലയെ കുറിച്ച് ജാനറ്റ് നിരവധി പ്രഭാഷണങ്ങൾ നടത്താറുണ്ട്.