തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവം സുഗമവും സുരക്ഷിതവുമാക്കാൻ ഒരുക്കങ്ങളും മാർഗനിർദ്ദേശങ്ങളുമായി അഗ്നിരക്ഷാ വകുപ്പ്.ഇതുമായി ബന്ധപ്പെട്ട് വിശദമായ നിർദ്ദേശങ്ങളാണ് വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്.ആറ്റുകാൽ പൊങ്കാല മഹോത്സവുമായി ബന്ധപ്പെട്ട് നാലു മേഖലകളായി തിരിച്ച് വിപുലമായ ഒരുക്കങ്ങളാണ് അഗ്നിരക്ഷാ വകുപ്പ് നടത്തിയിരിക്കുന്നത്.ആറ്റുകാൽ,കിഴക്കേകോട്ട,തമ്പാനൂർ,സ്റ്റാച്യൂ എന്നിങ്ങനെ തിരിച്ചാണ് ക്രമീകരണങ്ങൾ.
അഗ്നിരക്ഷാസേനയുടെ നിർദ്ദേശങ്ങൾ
ഓരോ മേഖലയിലും ഒരു ജില്ലാ ഓഫീസർക്കാണ് ചുമതല. രണ്ടു റീജിയണൽ ഫയർ ഓഫീസർമാർ, നാലു ജില്ലാ ഫയർ ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിൽ 40 ഓഫീസർമാരടക്കം 400 ഓളം ജീവനക്കാരെയാണ് നിയോഗിക്കുന്നത്. 13 വാട്ടർ ടെണ്ടറുകൾ, 19 വാട്ടർ മിസ്റ്റ് ടെണ്ടറുകൾ, അഞ്ച് വാട്ടർ ലോറികൾ, 18 ആംബുലൻസുകൾ, 18 ജില്ലകൾ, ആറ് ബുള്ളറ്റുകൾ എന്നിങ്ങനെ വാഹനങ്ങളും ട്രോളി മൗണ്ടഡ് വാട്ടർ മിസ്റ്റ് സിസ്റ്റം, ഫയർ എക്സ്റ്റിംഗ്യൂഷറുകൾ എന്നിവയും സജ്ജീകരിക്കുന്നുണ്ട്.
തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ നിന്നുള്ള ജീവനക്കാരെയും വാഹനങ്ങളും നിയോഗിക്കുന്നുണ്ട്. ആറ്റുകാൽ ക്ഷേത്ര പരിസരത്ത് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പൊങ്കാല ദിവസങ്ങളിൽ സ്വീകരിക്കേണ്ട അഗ്നിസുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് നഗരത്തിലെ പെട്രോൾ പമ്പുകൾ, സിനിമാ തിയേറ്ററുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. പൊങ്കാല ദിവസം ആവശ്യമായ വെള്ളം എത്തിക്കാൻ ക്രമീകരണം ഉണ്ടാക്കിയിട്ടുണ്ട്.
ഇക്കളി തീക്കളിയാകും
പൊങ്കാലയോട് അനുബന്ധിച്ച് തലസ്ഥാന നഗരം യാഗശാലയായി മാറുമ്പോൾ ഭക്തർക്ക് ഭീതിയുണർത്തി കെ.എസ്.ആർ.ടി.സി ബസുകൾ.പൊങ്കാല അർപ്പിക്കുന്ന സമയങ്ങളിൽ റോഡരികിൽ പോലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലെന്ന് ജില്ലാ ഭരണകൂടവും അഗ്നിശമന സേനയും ഒരുപോലെ പറയുമ്പോൾ ഇതൊന്നും മുഖവിലയ്ക്കെടുക്കാതെ കോട്ടയ്ക്കകത്തെ ട്രാൻസ്പോർട്ട് ഭവന് മുന്നിൽ ഫുട്പാത്തിൽ പാർക്ക് ചെയ്തിരിക്കുന്ന രണ്ട് കെ.എസ്.ആർ.ടി.സി ബസുകളാണ് ഭക്തർക്കും അധികൃതർക്കും ഒരുപോലെ തലവേദനയുണ്ടാക്കുന്നത്.കണ്ടം ചെയ്യാറായ കാലപ്പഴക്കം ചെന്ന രണ്ട് കെ.എസ്.ആർ.ടി.സി. ബസുകൾ പാർക്ക് ചെയ്തിരിക്കുന്നത് നെടുനീളനെ ഫുട്പാത്തിലായാണ്.ബസിന്റെ പകുതിയും റോഡിലാണെന്നതാണ് വസ്തുത.
തിരക്കേറിയ റോഡിൽ ഫുട്പാത്തിൽ ബസ് പാർക്ക് ചെയ്തിരിക്കുന്നതിനാൽ തന്നെ റോഡിലിറങ്ങി നടക്കേണ്ട ഗതികേടാണ്. ഇതാകട്ടെ അപകടങ്ങൾ വിളിച്ചുവരുത്തുകയും ചെയ്യും.അത്തരം അപകടങ്ങളും ഇവിടെ പതിവാണ്.എന്നാൽ പൊങ്കാല ദിവസം ഇക്കളി തീക്കളിയാകും.ബസുകൾക്ക് സമീപത്ത് നിന്നായി നാലു ചുറ്റ് നിന്നും ആളിപ്പടരുന്ന തീയും ചുടും വൻ അപകടമുണ്ടാക്കുമെന്നാണ് ജനങ്ങൾ ഭയക്കുന്നത്.നഗരത്തിൽ കിഴക്കേകോട്ടയിലും തമ്പാനൂരിലും ആനയറയിലുമടക്കം ആവശ്യത്തിന് സ്ഥലമുള്ള ഡിപ്പോകളുള്ളപ്പോൾ ഈ നടുറോഡിൽ തന്നെ ബസ് പാർക്ക് ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കണോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.