കൊച്ചി: പുൽവാമയിലെ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ-പാക് അതിർത്തി വീണ്ടും അശാന്തമായത് ഓഹരി വിപണിയെയും രൂപയെയും വലയ്ക്കുന്നു. ഉടനൊരു യുദ്ധത്തിന് ഇന്ത്യ മുതിരില്ലെങ്കിലും യുദ്ധസമാന സാഹചര്യം നിലനിൽക്കുന്നതാണ് ആശങ്ക. സെൻസെക്സ് 310 പോയിന്റ് നഷ്ടവുമായി 35,498ലും നിഫ്റ്റി 83 പോയിന്റിടിഞ്ഞ് 10,640ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായ എട്ടാം ദിവസമാണ് വിപണി തകർച്ച.
യുദ്ധമുണ്ടാകുമോയെന്ന ടെൻഷൻ സഹിക്കാനാവാതെ വിദേശ നിക്ഷേപകർ കൂടൊഴിയുന്നതാണ് ഓഹരി വിപണിക്കും രൂപയ്ക്കും പ്രധാന തിരിച്ചടി. വെള്ളിയാഴ്ച മാത്രം 2,000 കോടി രൂപയ്ക്കടുത്ത് നിക്ഷേപം വിദേശ നിക്ഷേപകർ പിൻവലിച്ചു. ഇന്നലെയും ഈ ട്രെൻഡ് ദൃശ്യമായി. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ആശങ്ക കൂടി ഉള്ളതിനാൽ ഇന്ത്യ ഇപ്പോൾ നിക്ഷേപത്തിന് അനുകൂലമല്ലെന്ന ചിന്ത നിക്ഷേപകർക്കിടയിൽ ഉയർന്നിട്ടുണ്ട്.
ക്രൂഡോയിൽ വില വീണ്ടും നേട്ടത്തിന്റെ ട്രാക്കിലേറിയതും ഓഹരിക്കും രൂപയ്ക്കും സമ്മർദ്ദമാകുന്നു. നിലവിൽ ബാരലിന് 66.78 ഡോളറാണ് ക്രൂഡോയിൽ (ബ്രെന്റ്) വില. ക്രൂഡ് വില ഉയരുന്നത് ഇന്ത്യയുടെ സമ്പദ്സ്ഥിതിയെ ബാധിക്കുമെന്നതും വിദേശ നിക്ഷേപകരെ സ്വാധീനിക്കും. 2019ൽ ഇതുവരെ ക്രൂഡോയിൽ വില വർദ്ധിച്ചത് 20 ശതമാനമാണ്. ഉത്പാദനം കുറച്ച്, വില കൂട്ടാനുള്ള സൗദി-റഷ്യ കൂട്ടുകെട്ടിന്റെ തന്ത്രമാണ് കാരണം.
ജനുവരി ആദ്യം ഡോളറിനെതിരെ 69.23 എന്ന നിലയിലായിരുന്നു രൂപ. ഇപ്പോൾ മൂല്യം 71.34.
ഇന്നലെ മാത്രം 11 പൈസയുടെ നഷ്ടമുണ്ടായി. ഈ വർഷം ഇതുവരെയുണ്ടായ നഷ്ടം 2.4 ശതമാനം. ഈവർഷം ഏറ്റവും കൂടുതൽ നഷ്ടം കുറിച്ച ഏഷ്യൻ കറൻസിയും രൂപയാണ്.
പുൽവാമ കൂടി ടെൻഷൻ ലിസ്റ്റിൽ ഇടംപിടിച്ചതോടെ രൂപ വൈകാതെ 73ലേക്ക് പോലും കൂപ്പുകുത്തുമെന്ന വിലയിരുത്തലും ശക്തമാണ്.