തിരുവനന്തപുരം: എല്ലാ വഴികളും ആറ്റുകാലമ്മയുടെ തിരുനടയിലേക്ക്. എല്ലാ ചുണ്ടുകളും മന്ത്രിക്കുന്നത് ദേവിയെ സ്തുതിക്കുന്ന മന്ത്രങ്ങൾ. ദൂരദേശങ്ങളിൽ നിന്നെത്തിയവരെല്ലാം അടുപ്പൊരുക്കി കാത്തിരിപ്പ് തുടങ്ങി. നാളെയാണ് വിശ്വപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല
നാളെ അനന്തപുരി യാഗശാലയാകും. നഗരമാകെ ഉത്സവലഹരിയിലാണ്. എവിടെ നോക്കിയാലും പൊങ്കാല കാഴ്ചകളാണ്. ആറ്റുകാലിലേക്കുള്ള വഴികളിലെല്ലാം പൊങ്കാലക്കലങ്ങൾ ദിവസങ്ങൾക്കു മുമ്പു തന്നെ നിരന്നു കഴിഞ്ഞു. പൊങ്കാലയിടേണ്ടത് മൺകലത്തിലാണ്. പൊങ്കാല ഉത്സവ സീസണിലാണ് മൺകലങ്ങളുടെ കച്ചവടം കാര്യമായി നടക്കുന്നത്. പൊങ്കാലയ്ക്കു വേണ്ടി മാത്രമല്ല മൺകലങ്ങൾ വാങ്ങുന്നത്. നഗരവാസികളൊക്കെ വിവിധ വലിപ്പത്തിലുള്ള മൺചട്ടികൾ വാങ്ങി വീടുകളിലേക്കു കൊണ്ടു പോകുന്നു. പൊങ്കാല ദ്രവ്യങ്ങളൊക്കെ നിരത്തുകളിൽ വില്പനയ്ക്ക് എത്തി. തുണിക്കടകളിൽ പൊങ്കാല സാരിയുടെ കച്ചവടവും തകർക്കുകയാണ്.
ഇന്നലെ സംസ്ഥാനത്താകെ ഹർത്താലായിരുന്നുവെങ്കിലും പൊങ്കാല ഉത്സവം കണക്കിലെടുത്ത് നഗരത്തെ ഒഴിവാക്കിയിരുന്നു. അതുകൊണ്ടു തന്നെ ക്ഷേത്രത്തിലേക്ക് ഭക്തജനത്തിരക്ക് ഏറുകയാണുണ്ടായത്.
ആറ്റുകാൽ ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്ന റോഡുകളിലെ അറ്റകുറ്റ പ്പണികളെല്ലാം പൂർത്തിയായി കഴിഞ്ഞു. ആറ്റുകാൽ പൊങ്കാലയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകൾ ഏറ്റെടുത്ത പ്രവൃത്തികളുടെ തൊണ്ണൂറ്റഞ്ച് ശതമാനവും പൂർത്തിയായി.
ജലലഭ്യത ഉറപ്പാക്കുന്നതിന് സ്ഥാപിക്കാൻ തീരുമാനിച്ച 1650 ടാപ്പുകളിൽ 1475 ടാപ്പുകളും 40 ഷവർ പോയിന്റുകളും 4 ഫയർ ഹൈഡ്രന്റുകളും സ്ഥാപിച്ചതായി ജലവിഭവവകുപ്പ് അധികൃതർ അറിയിച്ചു. വിവിധ സ്ഥലങ്ങളിലായി 74 ടാങ്കുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു.
ഭക്ത ജനങ്ങളുടെ സുരക്ഷയ്ക്കായി ഇത്തവണയും വിട്ടുവീഴ്ചയില്ലാത്ത ക്രമീകരണമാണ് പൊലീസ് സ്വീകരിച്ചിട്ടുള്ളത്. വനിതാ കമാൻഡോകളുൾപ്പെടെ മൂന്നിലൊന്ന് സുരക്ഷാ സേനയും വനിതകളാണെന്നതാണ് പ്രത്യേകത. കഴിഞ്ഞ തവണയും വനിതാ സേനയെ വിന്യസിച്ചിരുന്നു. മൂവായിരത്തിലധികം പൊലീസുകാരെ ക്രമസമാധാനപാലനത്തിനായി നിയോഗിക്കും. സി.സി ടിവി, ഡ്രോൺ കാമറകൾ എന്നിവയും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിന്യസിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഗ്നിശമനസേനാംഗങ്ങളെ ആറ്റുകാലിലേക്ക് വിന്യസിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
നാല് സെഗ്മെന്റുകളായാണ് ഇവരെ വിന്യസിക്കുക. തീപിടിത്ത സാദ്ധ്യതയുള്ള 76 പോയിന്റുകൾ കണ്ടെത്തി അവിടേക്ക് പ്രത്യേക ടീമിനെ നിയോഗിച്ചു. ഏത് അനിഷ്ട സാഹചര്യവും നേരിടാൻ പര്യാപ്തമായ രീതിയിൽ ഒരുക്കങ്ങൾ പൂർത്തിയായി.
ആരോഗ്യവകുപ്പിന്റെ 21 മെഡിക്കൽ ടീമുകൾ പൊങ്കാലയ്ക്കായി സജ്ജമായി. ആംബുലൻസുകളും ഓക്സിജൻ പാർലറും അടക്കം എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.