കൊച്ചി: ബ്രിട്ടനിൽ ഏറ്റവും കൂടുതൽ പേർ അകാലചരമമടയുന്ന ജീവിത ശൈലീ രോഗങ്ങളെ ആയുർവേദത്തിലൂടെ പ്രതിരോധിക്കുന്നതിന് പുനർനവ ആയുർവേദക്ക് പദ്ധതി. ഇന്ത്യൻ ട്രഡിഷണൽ സയൻസിന്റെ ചുമതലയുള്ള പാർലമെന്ററി ഗ്രൂപ്പിന്റെ വൈസ് ചെയർമാൻ ബോബ് ബ്ലാക്ക്മാൻ എം.പി പുനർനവയുടെ വെൽനസ് ഡിവിഷനായ സുഖായുസ് സന്ദർശിച്ച് ഇതു സംബന്ധിച്ച് ധാരണയിലെത്തി. ലോകാരോഗ്യ സംഘടനയുടെ 2018 വരെയുള്ള സ്ഥിതിവിവരക്കണക്കനുസരിച്ച് വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും 70 ശതമാനത്തിലധികം പേരുടെ മരണകാരണം ജീവിത ശൈലീ രോഗങ്ങളാണ്. ആയുർവേദത്തിൽ നിർദ്ദേശിക്കുന്ന ആഹാരചര്യയിലൂടെയും പഞ്ചകർമ്മ ശുദ്ധീകരണ ചികിത്സയിലൂടെയും യോഗ മുതലായ വ്യായാമ മുറകളിലൂടെയും ഇവയെ പ്രതിരോധിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയാണ് ബ്രിട്ടനിൽ ആയുർവ്വേദം പ്രചരിപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന് ബോബ് ബ്ലാക്ക്മാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ധാരണ പ്രകാരം ബ്രിട്ടനിലെ വിദ്യാർത്ഥികളിലും കുടുംബിനികളിലും ആയുർവ്വേദത്തിന്റെ സന്ദേശമെത്തിക്കാൻ വിവിധ പരിപാടികൾ ആവിഷ്കരിക്കും. 2006ൽ പുനർനവ ആവിഷ്കരിച്ച കണ്ടിന്യൂയിംഗ് ആയുർവേദ അവയർനസ് പ്രോഗ്രാം (സി.എ.എ.പി) പ്രകാരമാണ് ഈ പദ്ധതി ബ്രിട്ടനിൽ പ്രാവർത്തികമാക്കുകയെന്ന് പുനർനവ സി.എം.ഡി ഡോ. എ.എം.അൻവർ പറഞ്ഞു. ആയുർവേദത്തിലെ പരമ്പരാഗത അറിവുകളുടെ ക്രോഡീകരണത്തിനും പ്രചാരണത്തിനുമായുള്ള ജേർണി ടു റൂട്ട്സ്, പുനർനവയുടെ സമ്പൂർണ്ണ ആരോഗ്യപരിചരണത്തിനുള്ള വിഷൻ ടോട്ടൽ ഹെൽത്ത് എന്നീ പദ്ധതികളുടെ ഉദ്ഘാടനം ബോബ് ബ്ളാക്ക്മാൻ രാജഗിരി പുനർനവയിൽ ഉദ്ഘാടനം ചെയ്തു. പുനർനവ ഡയറക്ടറും ചീഫ് ഫിസിഷ്യനുമായ ഡോ. എം.ആർ. വാസുദേവൻ നമ്പൂതിരിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.