തിരുവനന്തപുരം : ഭക്തലക്ഷങ്ങൾ പൊങ്കാല അർപ്പിച്ച് നഗരത്തിൽ നിന്ന് മടങ്ങി കഴിഞ്ഞാൽ മണിക്കൂറുകൾക്കുള്ളിൽ നഗരം ക്ലീനാകും. മാലിന്യം നീക്കാൻ നഗരസഭയുടെ പടയിറങ്ങും. പൊങ്കാല അടുപ്പുകളിലെ തീയടിച്ച് കരിയും പുകയും പിടിച്ച നഗരവീഥികൾ കഴുകി വൃത്തിയാക്കാൻ തരംഗിണിയുടെ സിനിമാമഴയും പെയ്തിറങ്ങും.
ഏഴ് മണിക്കൂർ കൊണ്ട് ശുചീകരണം പൂർത്തിയാക്കും. പൊങ്കാല നിവേദ്യം കഴിഞ്ഞാൽ മുൻ വർഷങ്ങളെ പോലെ നഗരം അടിമുടി വൃത്തിയാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും നഗരസഭ പൂർത്തിയാക്കി. ഇക്കുറി 2.15നാണ് നിവേദ്യം. 4 മണിയോടെ തിരക്ക് ഒഴിയുമെന്നാണ് കണക്ക് കൂട്ടൽ. 6 മണിക്കുള്ളിൽ എല്ലാ പ്രദേശങ്ങളിൽ നിന്നും ലോറിയിൽ 1 ലോഡ് മാലിന്യം നീക്കം ചെയ്യും.
തുടർന്ന് നഗരത്തിൽ കൃത്രിമ മഴപെയ്യിക്കും. സിനിമാ ഷൂട്ടിംഗിൽ കൃത്രിമ മഴ പെയ്യിക്കുന്ന തരംഗിണിയാണ് മഴപെയ്യിക്കാനെത്തുന്നത്. കൂടാതെ 40 ഓളം ടാങ്കറുകളും രംഗത്തിറങ്ങും. ഇതുപയോഗിച്ചാണ് നഗരം കഴുകിവൃത്തിയാക്കുക. പൊങ്കാലയ്ക്ക് ശേഷം മാലിന്യം നീക്കം ചെയ്യാൻ 60 ലോറി, 25 പിക്കപ്പ് ആട്ടോ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ശുചീകരണത്തിന് 1300 സ്ഥിരം ജീവനക്കാരും 2250 താത്കാലിക ജീവനക്കാരും ഉൾപ്പെടെ 3550 പേർ രംഗത്തിറങ്ങും.
ആദ്യം പ്രധാന റോഡുകളായ സ്റ്റാച്യു, കിഴക്കേകോട്ട, കരമന, പാളയം തുടങ്ങിയ സ്ഥലങ്ങളും പിന്നാലെ ഇടറോഡുകളും വൃത്തിയാക്കും. സ്റ്റാച്യു, കിഴക്കേകോട്ട, ആറ്റുകാൽ, മണക്കാട്, പാളയം, നന്ദാവനം, പട്ടം തുടങ്ങി പ്രധാന നഗരവീഥികളിൽ മുഴുവൻ മഴ പെയിച്ച് അവശേഷിച്ച പൊങ്കാല മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്യും. ശേഖരിക്കുന്ന മാലിന്യങ്ങൾ അതത് പ്രദേശങ്ങളിലെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് നശിപ്പിക്കും. ഹെൽത്ത് ഓഫീസർ ശുചീകരണ പ്രവർത്തനങ്ങൾ നിയന്ത്രിക്കും. രാത്രി 11ഓടെ പൂർണമായും ശുചീകരണം പൂർത്തിയാക്കാനുള്ള പദ്ധതിയാണ് നഗരസഭ അധികൃതർ തയ്യാറാക്കിയിരിക്കുന്നത്.
95 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, 26 ഹെൽത്ത് ഇൻസ്പെക്ടർ, 3 ഹെൽത്ത് സൂപ്പർവൈസർ എന്നിവരടങ്ങുന്ന സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ജലവിതരണത്തിന് 7 വാട്ടർ ടാങ്കർ ലോറി, 25 വാട്ടർ ടാങ്ക് വിവിധയിടങ്ങളിൽ വാട്ടർ കിയോസ്കുകൾ, ക്ഷേത്രപരിസരത്ത് താത്കാലിക ടാപ്പുകൾ തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.