കൊച്ചി: പരസ്യരംഗത്തെ അന്താരാഷ്ട്ര കൂട്ടായ്മയായ ഇന്റർനാഷണൽ അഡ്വർടൈസിംഗ് അസോസിയേഷന്റെ (ഐ.എ.എ.) ലോക ഉച്ചകോടി നാളെ മുതൽ 22 വരെ ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്ത് ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും. 30 രാജ്യങ്ങളിൽ നിന്നുള്ള2,000 ത്തോളം പ്രതിനിധികളും 25 രാജ്യങ്ങളിൽ നിന്നായി 40 ഓളം പ്രഭാഷകരും സംഗമത്തിന് എത്തും. പരസ്യവിപണനരംഗത്തിന്റെ വർത്തമാനവും ഭാവിയും സമ്മേളനത്തിൽ ചർച്ചയാകും.
ഐ.എ.എ.യുടെ 80 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ലോക ഉച്ചകോടിക്ക് ഒരു ഇന്ത്യൻ നഗരം വേദിയാകുന്നത്. 44-ാം ലോക സമ്മേളനമാണ് ഇത്തവണത്തേത്. രണ്ടുവർഷത്തിലൊരിക്കലാണ് സമ്മേളനം.
ഇതിനോടകം ലോകശ്രദ്ധ പിടിച്ചുപറ്റിയ ഹ്യൂമനോയ്ഡ് റോബോട്ടായ 'സോഫിയ'യുടെ സാന്നിധ്യമായിരിക്കും മുഖ്യ ആകർഷണങ്ങളിലൊന്ന്. ബോളിവുഡ് താരങ്ങളായ ദീപിക പദുകോൺ, കജോൾ ദേവ്ഗൺ, മുൻ ടെന്നീസ് താരങ്ങളായ ആന്ദ്രെ അഗാസി, വിജയ് അമൃത്രാജ് എന്നിവരുടെ സാന്നിധ്യവും സമ്മേളത്തിന് തിളക്കം കൂട്ടും. പത്രസമ്മേളനത്തിൽ ഐ.എ.എ. ആഗോള പ്രസിഡന്റ് ശ്രീനിവാസൻ സ്വാമി, സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാൻ പ്രദീപ് ഗുഹ, ഐ.എ.എ. ആഗോള വൈസ് പ്രസിഡന്റ് എം.വി.ശ്രേയാംസ്കുമാർ, പ്ലാനിംഗ് ആൻഡ് മാർക്കറ്റിംഗ് ചെയർമാൻ രമേഷ് നാരായണൻ, മാനേജിംഗ് ഡയറക്ടർ ഡക്മാറ സ്ലൂയിസ് എന്നിവർ പങ്കെടുത്തു.
'ബ്രാൻഡ് ധർമ്മ' എന്നതാണ് ഇന്റർനാഷണൽ അഡ്വർടൈസിംഗ് അസോസിയേഷൻ ലോക ഉച്ചകോടി യുടെ ഇത്തവണത്തെ പ്രമേയം.
പരസ്യരംഗത്തെ നൈതികത ആഴത്തിൽ ചർച്ച ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷ. യൂണീലിവർ ചെയർമാൻ പോൾ പോൾമാൻ, വീഡിയോ കോളിംഗ് ആപ്പായ സ്കൈപ്പിന്റെ സഹസ്ഥാപകൻ ജോനാസ് കെൽബെർഗ്, പരസ്യരംഗത്തെ ഇതിഹാസം പീയുഷ് പാണ്ഡേ, സാംസങ്ങിന്റെ ആഗോള വൈസ് പ്രസിഡന്റ് പ്രണവ് മിസ്ത്രി, ഇൻഫോസിസ് ചെയർമാനും ആധാറിന്റെ ഉപജ്ഞാതാവുമായ നന്ദൻ നിലേകനി, ആലിബാബയുടെ ചീഫ് മാർക്കറ്റിങ് ഓഫീസർ ക്രിസ് തുങ് തുടങ്ങിവർ പ്രഭാഷകരായി എത്തുന്നുണ്ട്
.
നാളെ രാവിലെ 10ന് ഉദ്ഘാടന ചടങ്ങിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ, ആത്മീയാചാര്യൻ ശ്രീ ശ്രീ രവിശങ്കർ തുടങ്ങിയവർ പങ്കെടുക്കും.