കാസർകോട്: പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയതിനു പിന്നിൽ സി.പി.എം പെരിയ ലോക്കൽ കമ്മിറ്റി അംഗമെന്ന് സൂചന. ലോക്കൽ കമ്മിറ്റി അംഗം പീതാംബരനാണ് സംശയത്തിന്റെ നിഴലിൽ. ഇയാൾ ഒളിവിലാണ്. കൃത്യം നിർവഹിച്ചത് പുറത്തു നിന്നുള്ള കൊട്ടേഷൻ സംഘമാണെന്നും സൂചനയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേർ ഇതുവരെ കസ്‌റ്റഡിയിലാണ്. കൊലപാതക സംഘം എത്തിയത് ഒരു ജീപ്പിലാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആ വഴിക്കും അന്വേഷണം പുരോഗമിക്കുകയാണ്. കൊല്ലപ്പെട്ട കൃപേഷ്, ശരത് എന്നിവരോട് പ്രാദേശിക നേതൃത്വത്തിന് കൊടിയ പകയുണ്ടായിരുന്നെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ സൂചനയുണ്ട്.
മഴു,കൊടുവാൾ എന്നിവപോലെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ഇരുവരേയും വെട്ടിക്കൊന്നതെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്‌ച രാത്രി 8.30 ഓടെ ഇരുവരും സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിറുത്തുകയും വെട്ടിവീഴ്ത്തുകയുമായിരുന്നു. തലക്കേറ്റ ആഴത്തിലുള്ള മുറിവാണ് കൃപേഷിന്റെ മരണത്തിന് കാരണം. കൃപേഷിന്റെ മൂർദ്ധാവിൽ ആഴത്തിലുള്ള ഒറ്റവെട്ടാണ്. 11 സെന്റിമീറ്റർ നീളത്തിലും 2 സെന്റിമീറ്റർ വീതിയിലും വെട്ടേറ്റ് തല പിളർന്ന് തലച്ചോർ ചിതറിയതായാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. ശരത് ലാലിന്റെ ശരീരത്തിൽ 15 വെട്ടുകളുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. മാരകമായ രണ്ടു വെട്ടുകൾ ശരത്തിന്റെ മരണത്തിന് കാരണമായി. ഇടതുനെറ്റി മുതൽ 23 സെന്റീമീറ്റർ നീളത്തിലുള്ള മുറിവാണ് അതിലൊന്ന്. വലതുചെവി മുതൽ കഴുത്തുവരെ നീളുന്ന വെട്ടാണ് രണ്ടാമത്തേത്. വേട്ടേറ്റ് 15 മീറ്ററോളം ഓടിയ കൃപേഷിനെ പിന്തുടർന്ന് സംഘം ആക്രമിക്കുകയായിരുവെന്ന് പൊലീസ് പറയുന്നു.സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത പ്രതികളുടേതെന്ന് സംശയിക്കുന്ന രണ്ടു മൊബൈൽ ഫോൺ, വാളിന്റെ പിടി എന്നിവ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. അക്രമികൾ സഞ്ചരിച്ചുവെന്ന് കരുതുന്ന രണ്ട് മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.