mpanel

തിരുവനന്തപുരം: ആറ്രുകാൽ പൊങ്കാലയോടനുബന്ധിച്ച് സെക്രട്ടറിയേറ്റിന് മുന്നിലുണ്ടായിരുന്ന സമരപന്തലുകൾ പൊളിച്ചു നീക്കിയതിൽ പ്രതിഷേധിച്ച് യുവതി ആത്മഹത്യക്ക് ശ്രമിച്ചു. കെ.എസ്.ആർ.ടി.സിയിൽ നിന്ന് പിരിച്ചുവിട്ട എം.പാനൽ ജീവനക്കാരി ദിയയാണ് മരത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഭർത്താവ് മരിച്ചതിനാൽ ജീവിക്കാൻ വേറെ വഴിയില്ലെന്നും രണ്ട് കൊച്ചുകുട്ടികളുണ്ടെന്നും തനിക്ക് ജീവിക്കാൻ മറ്റ് മാർഗങ്ങളിലെന്നും പറഞ്ഞുകൊണ്ടാണ് ദിയ ആത്മഹത്യാശ്രമം നടത്തിയത്.

കഴിഞ്ഞദിവസം രാത്രിയോടെയാണ് നഗരസഭാ അധികൃതർ സെക്രട്ടറിയേറ്റിന് മുന്നിലുണ്ടായിരുന്ന സമരപന്തലുകൾ പൊളിച്ചു നീക്കിയത്. രാത്രി മുതൽ തന്നെ സ്ഥലത്ത് സമരക്കാർ പ്രതിഷേധമുയർന്നിരുന്നു. ഇതിനെ തുടർന്നാണ് യുവതി കഴുത്തിൽ കുരുക്കിട്ട് മരത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. തുടർന്ന് സഹപ്രവർത്തകർ യുവതിയെ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും യുവതി താഴെയിറങ്ങാൻ തയ്യാറായില്ല. തുടർന്ന് പൊലീസും അഗ്നിശമനാ സേനയും സ്ഥലത്തെത്തി മരത്തിന് മുകളിൽ കയറി ഇവരെ ആത്മഹത്യാ ശ്രമത്തിൽ നിന്ന് പിന്തിരിപ്പിക്കുകയും താഴെ ഇറക്കുകയുമായിരുന്നു. ശേഷം യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

മുൻ വർഷങ്ങളിലും സമാനമായ രീതിയിൽ പൊങ്കാലയ്ക്ക് മുൻപായി സമരപന്തലുകൾ ഒഴിപ്പിച്ചിരുന്നതാണെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് എം പാനൽ ജീവനക്കാർ സെക്രട്ടേറിയേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.