കാസർകോട്: കടുത്ത ദാരിദ്ര്യത്തിലും ഇല്ലാത്ത കാശുണ്ടാക്കി ഓരോ തിരഞ്ഞെടുപ്പു വേളയിലും കൃഷ്ണൻ തന്റെ രക്തത്തേക്കാൾ ചുവപ്പായ പാർട്ടിക്കു വേണ്ടി വോട്ടു ചെയ്യാൻ പോകുമായിരുന്നു. 250 രൂപയിൽ അധികം വേണ്ടി വരും ഓരോ യാത്രയ്ക്കും. ഇനി ഈ കൃഷ്ണൻ ആരെന്നല്ലേ? രാഷ്ട്രീയ പകപോക്കലിന്റെ ഇരകളായി ഞായറാഴ്ച രാത്രി പെരുവഴിയിൽ വെട്ടേറ്റു പിടഞ്ഞു മരിച്ച കൃപേഷിന്റെ അച്ഛൻ. ഓലപ്പുരയിൽ ജീവിതം കഴിച്ചു കൂട്ടുന്ന കൃഷ്ണന്റെ കുടുംബത്തിന് 50 രൂപ എന്നത് എത്ര വലിയ തുകയാണെന്നത് ആ വീടു കാണുന്ന ആർക്കും മനസിലാകും. കൃപേഷിനൊപ്പം സുഹത്ത് ശരത് ലാലും കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ സി.പി.എം ലോക്കൽ കമ്മിറ്റി മെമ്പറടക്കം ഏഴുപേർ കസ്റ്റഡിയിലാണ്. പാർട്ടിയെ ഉള്ളഴിഞ്ഞു സ്നേഹിച്ച ഒരച്ഛന് അതേ പാർട്ടി നൽകിയ 'സംഭാവന'.
കൃഷ്ണന്റെ ഏക മകനാണ് കൃപേഷ്. സി.പി.എമ്മിന്റെ ശക്തി കേന്ദ്രങ്ങളാണ് പെരിയയും കല്യോട്ടും. ഇവിടെ നിന്നും കോൺഗ്രസിൽ ചേർന്നതിന്റെ പേരിൽ കൃപേഷ് ഒറ്റപ്പെടൽ അനുഭവിച്ചിരുന്നു. എന്നാൽ ഒരു പാർട്ടിയോട് അനുഭാവമുണ്ടെന്ന് പറയാൻ ആരെയും പേടിക്കേണ്ടെന്നായിരുന്നു കൃഷ്ണൻ മകന് കൊടുത്ത ഉപദേശം. 'നിനക്ക് നിന്റെ പാർട്ടി, എനിക്ക് എന്റേതും. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. പക്ഷേ, തല്ലിനും വഴക്കിനും പോകരുത്. പ്രശ്നമുണ്ടാക്കാൻ പോകരുത്' മകന് ആ അച്ഛൻ കൊടുത്ത ഉപദേശം ഇതുമാത്രമായിരുന്നു.
'ഒരിക്കൽ പോളിടെക്നിക്കിൽ പ്രശ്നമുണ്ടായപ്പോൾ എസ്.എഫ്.ഐക്കാർ അവനെ തല്ലി. അന്ന് ഞാനവനോട് പ്രശ്നമുണ്ടാക്കില്ലെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം നീ ഇനി കോളേജിൽ പോയാൽ മതിയെന്നു പറഞ്ഞു. അവൻ പിന്നെ പോയില്ല. പേടിച്ചിട്ടാണ്. അതോടെ പഠിത്തവും മുടങ്ങി. അടുത്തിടെ സി.പി.എമ്മുകാർ ഇവിടെ ഒരു ക്ലബ്ബ് കത്തിച്ചു. അതറിഞ്ഞ് അവൻ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ ഇതിന്റെ പേരിൽ ഇവിടെ നിന്നുമിറങ്ങിയാൽ ഇനിയിങ്ങോട്ട് തിരിച്ച് വരേണ്ടെന്ന് പറഞ്ഞു. അതുകൊണ്ട് അവൻ പോയില്ല. ക്ലബ്ബ് കത്തിച്ചതിന്റെ പേരിൽ ഹർത്താൽ ആഹ്വാനം ചെയ്തപ്പോൾ കടയടപ്പിക്കാൻ അവനും പോയിരുന്നു. അന്ന് സി.പി.എം അനുകൂലിയായ വത്സൻ എന്നയാൾ പറഞ്ഞത് നിന്നെ പിന്നെ കണ്ടോളാം എന്നാണ്. അവനത് എന്നോട് വന്ന് പറയുകയും ചെയ്തു'.
മകന്റെ കൊലപാതകത്തിനു പിന്നിൽ ആരൊക്കായാണെന്ന് ആ അച്ഛന് നന്നായി അറിയാം. അത് അയാൾ ഓരോന്നായി എണ്ണിപ്പറയുന്നുമുണ്ട്. ഇനി കണ്ണുതുറക്കേണ്ടത് ആരെന്ന ചോദ്യം മാത്രം ബാക്കിയാകുന്നു.