കൊച്ചി: കാസർഗോഡ് ഇരട്ട കൊലപാതകത്തിൽ പൊലീസും സർക്കാരും ഒത്തുകളിക്കുകയാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയുടെ അറിവോടും സമ്മതത്തോടും കൂടി പരിശീലനം ലഭിച്ചവരാണ് കൊലപാതകത്തിന് പിന്നിലെന്ന് അദ്ദേഹം തുറന്നടിച്ചു.
സി.പി.എമ്മിന് ഡമ്മി പ്രതികളെ ഇറക്കുന്ന ശീലമുണ്ട്. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയും തമ്മിലുള്ള ബന്ധം. ഇവർ സ്റ്റാലിനിസ്റ്റുകളാണെന്നും ക്രിമിനൽ മനസ്സുള്ളവരാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. ഇവരുടെ മനസ്സിൽ പാവപ്പെട്ടവരോടും നിരാലംബരോടും പ്രത്യേകിച്ച് മനുഷ്യരോട് അല്പം പോലും കാരുണ്യമില്ലാത്തവരാണെന്നും അദ്ദേഹം ആരോപിച്ചു.
സി.പി.എമ്മിന്റെ നവോത്ഥാന മുദ്രാവാക്യം കാപട്യമാണ്. ഇത് പറയുമ്പോഴും സി.പി.എം ആസൂത്രിതമായി കൊലപാതകങ്ങൾ നടത്തുകയാണ്. ഇതിനെയാണ് ഉന്മൂലന സിദ്ധാന്തം എന്ന് പറയുന്നത്. ഏത് കൊലപാതകം നടത്തിയാലും പാർട്ടിക്ക് പങ്കില്ലെന്ന് പറയാറുണ്ട്. പിടിക്കെപ്പെട്ടാൽ അപലപിക്കുന്നു എന്ന വാക്ക് പറഞ്ഞ് ഒഴിയുകയും ചെയ്യും. ഇത് സി.പി.എമ്മിന്റെ സ്ഥിരം പരിപാടിയാണെന്നും ജനങ്ങൾ ഇത് തിരിച്ചറിയണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കൃപേഷും ശരത്തും ബേക്കൽ പൊലീസിന് ഭീഷണിയുള്ള കാര്യം പലതവണ റിപ്പോർട്ട് ചെയ്തിട്ടും അധികൃതർ നടപടിയെടുത്തിരുന്നില്ല. സി.പി.എമ്മിലെ മന്ത്രിമാരെ പോലെ സമ്പന്നരല്ല ഞങ്ങൾ, അതിനാൽ അവരുമായി മത്സരിക്കാൻ തയ്യാറല്ലെന്ന് കൃപേഷിന്റെ പിതാവ് പറഞ്ഞ കാര്യം മുല്ലപ്പള്ളി ആവർത്തിച്ചു. കഴിഞ്ഞ അൻപത് വർഷമായി കണ്ണൂരിൽ നടക്കുന്ന ആസൂത്രിത കൊലപാതകങ്ങൾ പിണറായി വിജയന്റെ അറിവോടെയാണെന്നും അദ്ദേഹം ആരോപിച്ചു.
ടി.പി വധക്കേസിലും ഷുഹൈബ് വധക്കേസിലും ഉന്നത സി.പി.എമ്മിന്റെ നേതാക്കൾക്ക് ബന്ധമുണ്ട്. ഷുഹൈബ്, ടി.പി വധക്കേസിന്റെ അന്വേഷണത്തിൽ താൻ തൃപ്തനല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.