കാസർകോട്: പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്ന സംഭവത്തിൽ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പീതാംബരനേയും സി.പി.എം അനുഭാവികളായ മുരളി, സജീവൻ, ദാസൻ എന്നിവരടക്കം മറ്റ് ആറുപേരെയും രഹസ്യകേന്ദ്രത്തിൽ ചോദ്യംചെയ്യുകയാണ്. ഇതിൽ ചിലരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കൊല നടത്തിയ സംഘത്തെക്കുറിച്ച് പൊലീസ് സൂചനകൾ ലഭിച്ചതായാണ് വിവരം. ഇവർക്ക് കൃപേഷിനേയും ശരത് ലാലിനേയും കാണിച്ചുകൊടുത്തതും സി.പി.എം നേതാവാണെന്ന് പൊലീസിന് വിവരം ലഭിച്ചു.
ഇതുസംബന്ധിച്ച് എ പീതാംബരനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടി നേതൃത്വത്തിന് ഈ കൊലപാതകത്തെക്കുറിച്ച് ഒരറിവുമില്ലെന്നും പ്രാദേശികമായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് പാർട്ടി ജില്ലാ നേതൃത്വം അറിയിച്ചത്. ഉദുമ എം.എൽ.എ കെ കുഞ്ഞിരാമനാണ് പീതാംബരനെ പുറത്താക്കിയെന്ന വിവരം അറിയിച്ചത്. ഈ സംഭവത്തിന് പിന്നിലെന്തെന്ന് പാർട്ടി തലത്തിലും അന്വേഷണം ഉണ്ടാകുമെന്നും കെ കുഞ്ഞിരാമൻ അറിയിച്ചു.
പീതാംബരനെ ആക്രമിച്ചെന്ന കേസിൽ പ്രതികളായിരുന്നു കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്‍ലാലും. കൃപേഷുൾപ്പടെയുള്ളവരെ ക്യാംപസിൽ വച്ച് ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസ്-സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിലാണ് പീതാംബരന്റെ കൈയ്‌ക്ക് പരിക്കേറ്റത്. ഇതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.