കാസർഗോഡ്: 'കയ്യും കാലും കൊത്തിയിട്ടാണെങ്കിലും എനിക്ക് തന്നാൽ ഞാൻ നോക്കുമായിരുന്നല്ലോ' കൃപേഷിന്റെ അമ്മയുടെ ഈ വാക്കുകളിൽ പെരിയ ഇരട്ട കൊലപാതകത്തിന്റെ ഇരയായ കൃപേഷിനെ അവസാനമായി കാണാനെത്തിയവരുടെ മുന്നിൽ വിങ്ങലായി മാറുകയാണ് അമ്മയുടെ ഈ വാക്കുകൾ. കേട്ടുനിന്നവർക്ക് പോലും ഒരുനിമിഷം എന്ത് ചെയ്യണമെന്നറിയാതെ പോയ നിമിഷമായിരുന്നു അത്.
കഴിഞ്ഞ ദിവസമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്തും കൃപേഷും ആക്രമി സംഘത്തിന്റെ വെട്ടേറ്റ് മരിച്ചത്. സംഭവത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് കൃപേഷിന്റെ അച്ഛൻ ആരോപിച്ചു. മകന് നിരന്തരമായി വധഭീഷണിയുണ്ടായിരുന്നെന്നും സി.പി.എം പ്രാദേശിക നേതാക്കളായ പീതാംബരനും വത്സനുമാണ് കൊലപാതകത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. സി.പി.എം-കോൺഗ്രസ് സംഘർഷത്തെ തുടർന്ന് കൃപേഷിന് ഭീഷണിയുണ്ടായിരുന്നതിനാൽ കുറച്ച് നാളുകളായി വീട്ടിൽ നിന്ന് മാറി താമസിക്കുകയായിരുന്നു കൃപേഷ്.
അമ്മയും അച്ഛനും രണ്ട് സഹോദരിമാരും ഓല മേഞ്ഞ ഒറ്റമുറി വീട്ടിലാണ് താമസിക്കുന്നത്. കൃപേഷ് രാഷ്ട്രീയ പകപോക്കലിന് ഇരയായപ്പോൾ നഷ്ടമായത് കുടുംബത്തിന്റെ ഏകപ്രതീക്ഷയാണ്. സി.പി.എം ലോക്കൽ സെക്രട്ടറി പീതാംബരനെ മർദിച്ചതിന് വധശ്രമത്തിന്റെ പേരിൽ ശരത്ത് അറസ്റ്റിലായിരുന്നു. ശരത്ത് ജാമ്യത്തിലിറങ്ങി ഒരാഴ്ച പിന്നിടുമ്പോഴാണ് കൊലപാതകം. കല്യോട്ട് കൂരാങ്കരയിൽ തയ്യാറാക്കിയ സ്ഥലത്ത് അടുത്തടുത്തായിട്ടാണ് കൃപേഷിന്റെയും ശരത്തിന്റെയും മൃതദേഹങ്ങൾ സംസ്കരിച്ചത്.