kodiyeri-balakrishnan

കൊല്ലം: ടി.പി വധക്കേസിൽ ജയിലിൽ കഴിയുന്ന കുഞ്ഞനന്തനെ തെറ്റായി പ്രതിചേർത്താണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യു.ഡി.എഫ് സർക്കാരാണ് കുഞ്ഞനന്തനെ പ്രതിയാക്കിയത്. ഉന്നത നേതാക്കളെ കള്ളക്കേസിൽ പ്രതിയാക്കുന്നത് ഏത് പാർട്ടിയിൽ ആയാലും ശരിയല്ലെന്നും കോടിയേരി പറഞ്ഞു. കൊടി സുനി പാർട്ടി അംഗമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാസർകോട് ഇരട്ട കൊലപാതകത്തിലെ പ്രതികൾ സി.പി.എം പ്രവർത്തകരാണെങ്കിൽ ശിക്ഷിക്കപ്പെടണം. പ്രതികൾ ആരായാലും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. കൊലപാതകങ്ങളെ ഇടതുപക്ഷം അംഗീകരിക്കുന്നില്ല. പാർട്ടിയുടെ അറിവോടെ ഒരു സംഭവം നടന്നിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

നേരത്തെ ജയിലിൽ കുഞ്ഞനന്തന് പ്രത്യേക പരിഗണനകളോ ഇളവുകളോ നൽകുന്നില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. തുടർച്ചയായി പ്രതിക്ക് പരോൾ അനുവദിച്ചതിനെ തുടർന്ന് ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കുഞ്ഞനന്തൻ നല്ല നടപ്പുകാരനാണെന്ന നിലപാടുമായി സർക്കാർ കോടതിയിലെത്തിയത്.