ന്യൂഡൽഹി: രാജ്യം ഞെട്ടിത്തരിച്ച പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ- ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ‌്‌ഹർ. പുൽവാമയിൽ മാത്രമല്ല രണ്ടു ദശാബ്‌ദത്തിനിടെ ഇന്ത്യ നേരിടേണ്ടി വന്ന ഒട്ടുമിക്ക ഭീകരാക്രമണങ്ങളുടെയും മാസ്‌റ്റർ ബ്രെയിൻ അസ‌്‌ഹറായിരുന്നു. 1994ൽ ഇയാളെ സൈന്യം പിടികൂടിയിരുന്നെങ്കിലും കാണ്ഡഹാർ വിമാന റാഞ്ചലിനെ തുടർന്ന് മോചിപ്പിക്കേണ്ടി വരികയായിരുന്നു. എന്നാൽ തടവിലായിരുന്ന സമയത്ത് ഒരൊറ്റ അടികൊണ്ട് ചോദ്യങ്ങൾക്ക് മണിമണിയായി ഉത്തരം പറഞ്ഞയാളാണ് 'ഭീകരൻ' മസൂദ് അസ‌്‌ഹറെന്നു പറയുകയാണ് സിക്കിം പൊലീസ് മുൻ മേധാവി അവിനാശ് മോഹനനെയ്. 1985 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ അവിനാശ്, ഇന്റലിജൻസ് ബ്യൂറോയിൽ സേവനമനുഷ്‌ഠിച്ചിരുന്ന സമയത്താണ് അസ്‌ഹറിനെ ചോദ്യം ചെയ്‌തത്.
പോർച്ചുഗീസ് പാസ്‌പോർട്ടുമായി ഇന്ത്യയിലേക്ക് കടന്ന മസൂദ് അസ‌്‌ഹറിനെ വളരെ ആകസ്‌മികമായാണ് ഇന്ത്യൻ സൈന്യം അനന്തനാഗിൽ വച്ച് പിടികൂടുന്നത്. കൂട്ടാളിയായ മറ്റൊരു ഭീകരനൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന മസൂദ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലാവുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ആദ്യമൊക്കെ ബലം പിടിച്ചെങ്കിലും ഒരു സൈനികന്റെ ഒറ്റയടിയിൽ തന്നെ മണി മണി പോലെ 'ഭീകരൻ' മസൂദ് ഉത്തരം നൽകി. പാകിസ്‌ഥാനിലെ ഭീകരസംഘടനകളുടെ പ്രവർത്തനവും റിക്രൂട്ട്‌മെന്റ് രീതികളും വിവരിച്ചു. അഫ്ഗാൻ ഭീകരരെ കാശ്‌മീരിലേക്ക് എത്തിച്ചതിനെക്കുറിച്ചും താൻ ജനറൽ സെക്രട്ടറിയായ ഹർകത് ഉൽ അൻസാർ എന്ന ഭീകരസംഘടന രൂപവത്കരിച്ചതിനെക്കുറിച്ചും അസ്‌ഹർ അന്ന് വിശദീകരിച്ചു.
എന്നാൽ തന്നെ വിലകുറച്ചു കാണരുതെന്നും, പാകിസ്ഥാനും ഐ.എസ്.ഐയ്‌ക്കും താൻ വളരെ വേണ്ടപ്പെട്ടവനാണെന്ന് അസ്‌ഹർ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നതായി അവിനാശ് മോഹനനെയ് ഓർക്കുന്നു. താൻ പാകിസ്ഥാനിൽ തിരിച്ചെത്തുമെന്ന് ഐ.എസ്.ഐ ഉറപ്പു വരുത്തുമെന്നും മസൂദ് സൂചന നൽകി. ഒടുവിൽ 1999 ഡിസംബർ 31ന് കാണ്ഡഹാർ വിമാനറാഞ്ചലിലൂടെ ഭീരുത്വപരമായ വിലപേശൽ നടത്തി ഐ.എസ്.ഐ അസ്‌ഹറിനെ ഇന്ത്യയിൽ നിന്ന് മോചിപ്പിക്കുകയായിരുന്നു.