തിരുവനന്തപുരം: കശ്മീരിലെ പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികൻ വസന്ത കുമാറിന്റെ കുടുംബത്തെ സർക്കാർ സംരക്ഷിക്കും. വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. കേരള വെറ്ററിനറി സർവകലാശാലയ്‌ക്കു കീഴിലെ പൂക്കോട് കേന്ദ്രത്തിൽ താൽകാലിക ജീവനക്കാരിയായ വസന്തകുമാറിന്റെ ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്താനും തീരുമാനിച്ചു.
കുട്ടികളുടെ വിദ്യാഭാസ ചെലവും സർക്കാർ ഏറ്റെടുക്കും. വീട് വച്ച് നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. വസന്തകുമാറിന്റെ മക്കളായ അനാമികയെയും അമർദീപിനേയും കേന്ദ്രീയ വിദ്യാലയത്തിൽ ചേർത്ത് പഠിപ്പിക്കാനുള്ള ചിലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മന്ത്രി എ.കെ ബാലൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.