-shukoor

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ അനുബന്ധ കുറ്റപത്രം കോടതി മടക്കി. കേസ് എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റണം എന്ന ആവശ്യം തലശ്ശേരി സെഷൻസ് കോടതി തള്ളി. വിചാരണ മാറ്റാനുള്ള അധികാരം കോടതിക്ക് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. ഇതുസംബന്ധിച്ച് സി.ബി.ഐക്ക് ഹെെക്കോടതിയെ സമീപിക്കാമെന്നും തലശ്ശേരി സെഷൻസ് കോടതി വ്യക്തമാക്കി. 2012 ലെ കേസാണ് ഇതെന്നും ഇപ്പോൾ 2019 ആയെന്നും കോടതി സി.ബി.ഐയെ ഓ‌ർമ്മിപ്പിച്ചു.

അതേസമയം,​ പി.ജയരാജനും രാജേഷും സമർപ്പിച്ച വിടുതൽ ഹർജിയും കോടതി പരിഗണിച്ചില്ല. ഏതു കോടതിയാണു കുറ്റപത്രം പരിഗണിക്കേണ്ടത് എന്നു തീരുമാനിച്ചതിനു ശേഷം വിടുതൽ ഹർജി പരിഗണിക്കാമെന്നും കോടതി പറഞ്ഞു. കേസ് വിചാരണ കണ്ണൂർ ജില്ലയ്‌ക്ക് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി ഷുക്കൂറിന്റെ കുടുംബം രം​ഗത്തെത്തിയിരുന്നു.

കേസിന്റെ വിചാരണ തലശ്ശേരി കോടതിയിൽ നടന്നാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ഷുക്കൂറിന്റെ സഹോദരൻ വ്യക്തമാക്കിയിരുന്നു. കേസിൽ നീതിപൂർവകമായ വിചാരണയും, കുടുംബത്തിന് നീതിയും ലഭിക്കില്ല. ഈ സാഹചര്യത്തിൽ കേസിന്റെ വിചാരണ എറണാകുളം സി.ബി.ഐ കോടതിയിലോ, ജില്ലയ്‌ക്ക് പുറത്തെ കോടതിയിലേക്കോ മാറ്റണമെന്നാണ് ഷുക്കൂറിന്റെ കുടുംബം ആവശ്യപ്പെട്ടത്.