തിരുവനന്തപുരം: കാസർകോട് പെരിയയിൽ നടന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്‌ട്രീയത്തിൽ ആദ്യാക്ഷരമുള്ള ഏതെങ്കിലുമൊരു കൂട്ടർ ഈ അവസരത്തിൽ ഇങ്ങനെ കാണിക്കുമോയെന്ന് ചോദിച്ച മുഖ്യമന്ത്രി, പ്രതികളെ ഉടൻ തന്നെ പിടികൂടാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയതായും വ്യക്തമാക്കി. അക്രമത്തിന് പ്രോത്സാഹനം നൽകുന്ന പാർട്ടിയല്ല സി.പി.എമ്മെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഒരുപാട് വേദന അനുഭവിക്കേണ്ടി വന്ന പാർട്ടിയാണ് സി.പി എമ്മെന്നും, കടിച്ചമർത്തുന്ന വേദനോടെ പലതും നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
പുൽവാമയിൽ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായതായി മുഖ്യമന്ത്രി അറിയിച്ചു. കേരള വെറ്ററിനറി സർവകലാശാലയ്‌ക്കു കീഴിലെ പൂക്കോട് കേന്ദ്രത്തിൽ താൽകാലിക ജീവനക്കാരിയായ വസന്തകുമാറിന്റെ ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്താനും തീരുമാനിച്ചു. കൂടാതെ വസന്തകുമാറിന്റെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കാനും വീടു വച്ചു നൽകാനും തീരുമാനമായിട്ടുണ്ട്.