ബംഗളൂരു: 'എനിക്കൊരു മകൻ കൂടിയുണ്ട്, ദയവുചെയ്ത് അവനെക്കൂടി സൈന്യത്തിലെടുക്കുക. കേന്ദ്രസർക്കാരിനോട് എനിക്കുള്ള അപേക്ഷ ഇതുമാത്രമാണ്. രാജ്യത്തിനുവേണ്ടി രണ്ടാമത്തെ മകനെയും ഞാനിതാ സമർപ്പിക്കുന്നു. പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ ഗുരുവിന്റെ അമ്മ ചിക്കൊലമ്മയുടെ വാക്കുകളാണിത്. മൂത്തമകനെ നഷ്ടപ്പെട്ട ഒരു അമ്മയുടെ ദുഃഖമോ, ഒരു സ്ത്രീയുടെ നിസ്സഹായതയോ ചിക്കൊലമ്മയുടെ മുഖത്തുണ്ടായിരുന്നില്ല. ജവാൻമാരുടെ വീരമൃത്യുവിൽ രാജ്യം മുഴുവനും വേദനിക്കുമ്പോൾ എല്ലാം ധൈര്യപൂർവ്വം നേരിടുകയാണ് ചിക്കൊലമ്മ.
രാജ്യത്തിന് വേണ്ടി ജിവൻ ത്യജിച്ച മകനെയോർത്ത് എനിക്ക് അഭിമാനം മാത്രമേ ഉള്ളു. ഇപ്പോൾ ഹോം ഗാർഡായി ജോലി ചെയ്യുന്ന തന്റെ രണ്ടാമത്തെ മകൻ ആനന്ദിനെയും സൈന്യത്തിൽ ചേർക്കാൻ തയ്യാറാണെന്നും ചിക്കൊലമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഗുരു സി.ആർ.പി.എഫിൽ ചേർന്ന കാര്യം ആദ്യം വീട്ടിൽ പറഞ്ഞിരുന്നില്ല. പൊലീസിൽ ചേരുന്നു എന്നാണ് വീട്ടിൽ പറഞ്ഞത്. മാസങ്ങൾക്ക് ശേഷമാണ് അതിർത്തി രക്ഷാ സേനയിലാണ് ഗുരു ചേർന്നതെന്ന കാര്യം വീട്ടിലറിഞ്ഞത്- ചിക്കൊലമ്മ പറഞ്ഞു. ഇതെല്ലാം പറയുമ്പോഴും അവരുടെ വാക്കുകൾ ഇടറിയില്ല പകരം അവർ കൂടുതൽ ഊർജ്ജസ്വലയാവുകയായിരുന്നു. ഈ അമ്മയുടെ വാക്കുകൾ ഓരോ ഭാരതീയനും അഭിമാനിക്കാവുന്നതാണ്.
കർണാടക മാണ്ഡ്യക്കടുത്താണ് ഗുരുവിന്റെ ജന്മസ്ഥലം. ഇവിടെ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് ഗുരുവിന് അന്ത്യവിശ്രമമം ഒരുക്കിയത്. ഗുരുവിന്റ മരണവാർത്ത അറിഞ്ഞതിനെ തുടർന്ന് സമീപ ഗ്രാമങ്ങളിൽ നിന്ന് പോലും നിരവധി പേർ ഗുരുവിനെ കാണാൻ എത്തിയിരുന്നു. പക്ഷേ ശനിയാഴ്ച അദ്ദേഹത്തിന്റെ ഭൗതിക ശരീരം എത്തിക്കാൻ സാധിക്കാത്തതിനെ തുടർന്ന് അന്ത്യാഞ്ജലി അർപ്പിക്കാൻ പൊതുജനങ്ങൾക്ക് അവസരം ലഭിച്ചിരുന്നില്ല.
കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നടന്നു കൊണ്ടിരുന്ന സിനിമാ ഷൂട്ടിംഗ് നിർത്തിവച്ച് സിനിമാ താരങ്ങളും ഗുരുവിന്റെ സമാധി സ്ഥലത്തെത്തി സാധാരണക്കാർക്കൊപ്പം പ്രാർത്ഥനകളിൽ പങ്കെടുത്തിരുന്നു. നിരവധിപേർ ജവാന്റെ ചിതാഭസ്മം ശേഖരിച്ച് കൊണ്ട് പോകുന്നുണ്ട്. നാടിന്റെ മണ്ണിന് നനവ് നൽകുന്ന കാവേരിയിലൊഴുക്കി ഗുരുവിനെ അവരുടെ ജീവിതത്തിലേക്ക് കൂടി കൂട്ടിക്കൊണ്ട് പോവുകയാണ് ഗ്രാമീണർ.
ഗുരുവിന്റെ ഭൗതിക ശരീരം സംസ്കരിക്കാൻ വീട്ടിൽ സ്ഥലമില്ലാത്തത് കൊണ്ട് ഒരു കിലോമീറ്റർ മാറി മറ്റൊരു സ്ഥലത്താണ് സംസ്കരിച്ചത്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബമാണ് ഗുരുവിന്റേത്. ഒരു അലക്ക് കടമാത്രമാണ് ജവാന്റെ കുടുംബത്തിനുള്ളത്.
രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ജവാന്റെ ഭൗതിക ശരീരം സംസ്കരിക്കാൻ ഒരുതുണ്ട് ഭൂമി ഇല്ലെന്ന വിവരം അറിഞ്ഞതിന് പിന്നാല നടി സുമലത അരയേക്കർ ഭൂമി ജവാന്റെ കുടുംബത്തിന് നൽകാൻ തയ്യാറായി.
നിലവിൽ മലേഷ്യയിൽ മകനൊപ്പം താമസിക്കുന്ന സുമലത വീഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജലസേചനമുള്ള ഭൂമിയാണ് ഗുരുവിന്റെ കുടുംബത്തിന് നൽകാമെന്ന് സുമലത അറിയിച്ചത്. ഇതിന് പുറമെ നിരവധി സന്നദ്ധപ്രവർത്തകരും, സിനിമാ പ്രവർത്തകരും, രാഷ്ട്രീയക്കാരും ജവാന്റെ കുടുംബത്തെ സന്ദർശിച്ച് സാമ്പത്തിക സഹായവും നൽകുന്നുണ്ട്. മകന് വേണ്ടി പ്രാർത്ഥിക്കാനെത്തുന്നവർക്ക് മുന്നിൽ കണ്ണീരുമായല്ല രാജ്യത്തിനു വേണ്ടി സർവ്വവും സമർപ്പിച്ച് ഉറച്ച ഹൃദയവും അഭിമാനം നിറയുന്ന മുഖവുമായാണ് ചിക്കൊലമ്മ നിൽക്കുന്നത്.