കാസർകോട്ട് സി.പി.എമ്മുകാർ വെട്ടിക്കൊന്ന രണ്ടു യുവാക്കളുടെ രക്തത്തിന് മുന്നിലിരുന്നാണ് സർക്കാരിന്റെ ആയിരം ദിവസത്തെ വിലയിരുത്തുന്ന ഈ കുറിപ്പ് ഞാനെഴുതുന്നത്. കൃപേഷിന്റെയും ശരത്ലാലിന്റെയും വീടുകളിൽ ഞാൻ പോയിരുന്നു. നിത്യവൃത്തിക്ക് വകയില്ലാത്ത വീടുകളിലെ ആശ്രയവും പ്രതീക്ഷയുമായിരുന്നു അവർ. ചെറ്റക്കുടിലാണ് കൃപേഷിന്റേത്. വീടുകളിലെ ദയനീയരംഗങ്ങൾ ഹൃദയമുള്ള ആർക്കും കണ്ടുനിൽക്കാനാവില്ലായിരുന്നു. ഒരു വർഷം മുൻപാണ് മട്ടന്നൂരിൽ ഷുഹൈബ് എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനെ സി.പി.എമ്മുകാർ വെട്ടിനുറുക്കി കൊന്നത്. ആയിരം ദിവസങ്ങൾക്കുള്ളിൽ 29 രാഷ്ട്രീയ കൊലപാതകങ്ങളാണുണ്ടായത് . സർക്കാർ ആയിരം ദിവസം ആഘോഷിക്കുമ്പോൾ ഭരണത്തിന് നേതൃത്വം നൽകുന്ന സി.പി.എമ്മിന്റെ കൈകളിൽ ചോര മണക്കുന്നു.
2016 ഒക്ടോബർ 19 ന് മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് നിയമസഭയിൽ നടത്തിയ പ്രഭാഷണം കേട്ടാൽ രോമാഞ്ചമുണ്ടാകും.' ക്രൗര്യം കൊണ്ട് ഒരാളെ ഇല്ലാതാക്കാൻ കഴിയും. പക്ഷേ തിരുത്താനാവില്ല...' എന്നു തുടങ്ങുന്ന ആ പ്രസംഗം മനുഷ്യസ്നേഹത്തിന്റെ മാഹാത്മ്യം ഉദ്ഘോഷിക്കുന്നതായിരുന്നു. ആ പ്രസംഗത്തിന് ശേഷം അദ്ദേഹത്തിന്റെ പാർട്ടിക്കാർ എത്രപേരെ വെട്ടിക്കൊന്നു? സർക്കാരും പാർട്ടിക്കാരും കൊലയാളികൾക്ക് പ്രോത്സാഹനവും വീരപരിവേഷവും നൽകി. ജയിലറകളിൽ സുഖസൗകര്യങ്ങളുമൊരുക്കി. ചട്ടം ലംഘിച്ച് നിരന്തരം പരോൾ നൽകി. നാട്ടിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പ്രഭവകേന്ദ്രം സി.പി.എമ്മായി മാറിയിരിക്കുന്നു. പാർട്ടി ജില്ലാസെക്രട്ടറിമാരും എം.എൽ.എമാരും വരെ കൊലക്കേസുകളിൽ പ്രതികളാവുന്നു.
എന്തുനേട്ടമാണുള്ളത്?
ആയിരം ദിവസം പൂർത്തിയാക്കുന്ന സർക്കാരിന് എടുത്തു കാണിക്കാൻ എന്തുനേട്ടമാണുള്ളത്? ഒരു പദ്ധതിയെങ്കിലും ആവിഷ്കരിച്ച് പൂർത്തിയാക്കിയതായി അവകാശപ്പടാനുണ്ടോ? നാല് ബഡ്ജറ്റുകൾ സർക്കാർ അവതരിപ്പിച്ചു. ആയിരക്കണക്കിന് കോടിയുടെ നൂറുകണക്കിന് പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഒന്നും നടപ്പായില്ല. പുതിയ പദ്ധതികളൊന്നും ആവിഷ്കരിക്കാത്ത സർക്കാർ യു.ഡി.എഫ് കാലത്ത് മിക്കവാറും പൂർത്തിയാക്കിയ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് ഞെളിയുന്നു. കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, കൊല്ലം ബൈപ്പാസ് തുടങ്ങിയവ യു.ഡി.എഫ് പൂർത്തിയാക്കിയ പദ്ധതികളാണ്.
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് സർവതല സ്പർശികളായ വികസനപദ്ധതികളുടെ പണി കുതിച്ചു പായുകയായിരുന്നു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയുടെ കഥ എടുക്കുക. അഴിമതിയില്ലാതെ സമയബന്ധിതമായി അവയുടെ പണി പൂർത്തിയാക്കാൻ സന്നദ്ധനായി വന്ന ഇ.ശ്രീധരൻ എന്ന രാജ്യം ആദരിക്കുന്ന എൻജിനിയറിംഗ് പ്രതിഭയെ ഓടിച്ചുവിടാൻ എന്തു ഉത്സാഹമാണ് കാണിച്ചത്? സ്വയം പണി നടത്തുമെന്ന് പ്രഖ്യപിച്ചു. നടന്നോ? യു.ഡി.എഫ് ആയിരുന്നു അധികാരത്തിലെങ്കിൽ ഇപ്പോൾ തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ ഓടിത്തുടങ്ങുമായിരുന്നു.
വിഴിഞ്ഞം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഈ ഡിസംബറിൽ കമ്മിഷൻ ചെയ്യേണ്ടതാണ്. പണി എങ്ങുമെത്തിയിട്ടില്ല. കേരളതീരത്തെ തകർത്തെറിഞ്ഞ ഓഖി ചുഴലിക്കാറ്റിലും കേരളത്തിന്റെ അടിത്തറയിളക്കിയ മഹാപ്രളയത്തിലും ദുരന്ത മുന്നറിയിപ്പുകൾ അവഗണിച്ചു. ദുരന്തങ്ങളിൽ നിന്ന് സംസ്ഥാനത്തെ കൈപിടിച്ച് കരയറ്റുന്നതിലും ദയനീയമായ വീഴ്ചയാണ് സംഭവിച്ചത്. വാഗ്ദാനങ്ങൾ വാരിക്കോരി നൽകിയെങ്കിലും യാഥാർത്ഥ്യമായില്ല. ഓഖി പോയിട്ട് ഒരു വർഷവും മൂന്ന് മാസവുമാകുന്നു. ജനുവരി 26 ന് സെക്രട്ടേറിയറ്റ് പടിക്കൽ ഓഖിഇരകൾക്ക് വിധവാമതിൽ പോലും തീർക്കേണ്ടി വന്നു. ദുരിതാശ്വാസത്തിനുള്ള കേന്ദ്രഫണ്ട് ചെലവാക്കാത്തതിനാൽ 143 കോടി തിരിച്ചെടുക്കുന്ന ദുർഗതിയുണ്ടായി.
മഹാപ്രളയം കഴിഞ്ഞിട്ട് ആറുമാസം കഴിഞ്ഞു. പുതിയ കേരളം സൃഷ്ടിക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പക്ഷേ പുന:സൃഷ്ടിയുടെ രൂപരേഖ പോലും തയ്യാറാക്കാനായിട്ടില്ല. വെള്ളത്തിൽ മുങ്ങിയ വീടുകൾ വൃത്തിയാക്കാൻ 10,000 രൂപ കയ്യോടെ കൊടുക്കുമെന്ന് പറഞ്ഞത് പോലും എല്ലാവർക്കും കൊടുക്കാൻ കഴിഞ്ഞിട്ടില്ല. വീടുവയ്ക്കാനും തൊഴിലിനും കച്ചടവടത്തിനും വായ്പ എന്നൊക്കെ വാഗ്ദാനം ചൊരിഞ്ഞെങ്കിലും നടന്നില്ല. ഒരു സഹായവും കിട്ടാതെ ഒടുവിൽ വൃക്ക വിൽക്കാൻ തയ്യാറായ ഇടുക്കിയിലെ ദമ്പതികളുടെ കഥയാണ് സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ നേർചിത്രം.
ശബരിമല
ശബരിമല യുവതീപ്രവേശന പ്രശ്നം സമചിത്തതയോടെയും വിവേകത്തോടെയും കൈകാര്യം ചെയ്യുന്നതിന് പകരം എടുത്തുചാടി അരക്ഷിതാവസ്ഥ ഉണ്ടാക്കി. യുവതികളെ വേഷപ്രഛന്നരാക്കി സന്നിധാനത്തെത്തിച്ചത് വിശ്വാസികളുടെ മനസിൽ ആഴത്തിലുള്ള മുറിവുണ്ടാക്കി. ഈ സുവർണാവസരം പാഴാക്കാതെ സംഘപരിവാർ ശക്തികൾ മുതലെടുപ്പും നടത്തി. വർഗീയ ചേരിതിരിവിനും വിദ്വേഷം വളർത്തുന്നതിനും മാത്രമേ സർക്കാർ നിലപാട് സഹായിച്ചുള്ളൂ.
ആയിരം ദിവസം പൂർത്തിയാക്കുമ്പോൾ സംസ്ഥാനത്തിന്റെ സാമ്പത്തികനില തകർച്ചയിലാണ്. ട്രഷറികളിൽ കടുത്ത നിയന്ത്രണം നിലനിൽക്കുന്നു. ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറുന്നില്ല. കരാറുകാർക്ക് 1200 കോടി രൂപ കുടിശികയാണിപ്പോൾ. നിർമാണ പ്രവർത്തനങ്ങൾ നിലച്ചിരിക്കുന്നു. പൊതുകടം കുതിച്ചുയരുന്നു. യു.ഡി.എഫ് അധികാരത്തിലിരുന്നപ്പോൾ പൊതുകടം ഒരുലക്ഷം കോടിയായിരുന്നത് ആയിരംദിവസം കൊണ്ട് ഈ സർക്കാർ ഒന്നരലക്ഷം കോടിയാക്കി.
കാരുണ്യ പദ്ധതി കുഴിച്ചുമൂടി
പാവപ്പെട്ടവർക്ക് താങ്ങായിരുന്ന കാരുണ്യ ബെനവലന്റ് പദ്ധതി കുഴിച്ചുമൂടിയതാണ് വലിയ ദ്രോഹം. പരമരഹസ്യമായി ബ്രൂവറിയും ഡിസ്റ്റിലറികളും അനുവദിക്കാനുള്ള നീക്കം കയ്യോടെ പിടിക്കപ്പെട്ടതു കൊണ്ട് മാത്രം പൊളിഞ്ഞു പോയി. കോടികളുടെ അഴിമതിയാണ് ഇതിലൂടെ ലക്ഷ്യം വച്ചിരുന്നത്. ബന്ധുനിയമനത്തിൽ കുരുങ്ങി രാജി വയ്ക്കേണ്ടി വന്ന ഇ.പി.ജയരാജനെ മന്ത്രിസ്ഥാനത്ത് തിരിച്ചെടുത്തത് കെ.ടി.ജലീലിനും ബന്ധുവിനെ വഴിവിട്ട് നിയമിക്കാൻ ധൈര്യം നൽകി.
ക്രമസമാധാനനില മുൻപില്ലാത്ത വിധം തകർന്നു. ഗുണ്ടാവിളയാട്ടവും കവർച്ചയും കൊലപാതകങ്ങളും നിത്യസംഭവങ്ങളായി മാറി. പൊലീസ് അതിക്രമം അതിരുവിട്ടു. പൊലീസ് കസ്റ്റഡിയിൽ മാത്രം മരിച്ചവർ 12 പേരാണ്. മകന്റെ ഘാതകരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട ജിഷ്ണു പ്രണോയിയുടെ അമ്മയെ റോഡിലൂടെ വലിച്ചിഴച്ചു, ആളുമാറി പിടികൂടിയ വരാപ്പുഴയിലെ ശ്രീജിത്തിനെ ചവിട്ടിക്കൊന്നു. മുടിനീട്ടി വളർത്തിയതിന് വിനായകൻ എന്ന ചെറുപ്പക്കാരനെ തല്ലിച്ചതച്ചു, അയാൾ ആത്മഹത്യയിൽ അഭയം തേടി. നെയ്യാറ്റിൻകരയിൽ യുവാവിനെ വാഹനത്തിന്റെ മുന്നിലേക്ക് പിടിച്ചുതള്ളി കൊലപ്പെടുത്തി. വിശന്നപ്പോൾ അല്പം അരി എടുത്തതിന് ജനക്കൂട്ടം തല്ലിക്കൊന്ന മധു എന്ന ആദിവാസിയുടെ കേസ് വാദിക്കാൻ സ്പെഷ്യൽ പ്രോസിക്യൂട്ടറെ വയ്ക്കാൻ പോലും സർക്കാർ തയ്യാറായില്ല. ഏകാധിപത്യ ശൈലിയാണ് മുഖ്യമന്ത്രിക്ക്. മന്ത്രിമാർക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനാവുന്നില്ല. എല്ലാരംഗത്തും പരാജയപ്പെട്ട സർക്കാരാണിത്.