ആലപ്പുഴ: തോമസ് ചാണ്ടിയുടെ ലേക്പാലസ് റിസോർട്ടിന് നഗരസഭ കനത്ത പിഴ ചുമത്തി. 2.73 കോടി അടച്ചില്ലെങ്കിൽ റിസോർട്ട് പൊളിച്ചുകളയുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. നഗരസഭാ സെക്രട്ടറിയാണ് താക്കീത് നൽകിയത്. റിസോർട്ടിലെ 32 കെട്ടിടങ്ങൾ അനധികൃതമാണെന്ന് നഗരസഭ ചൂണ്ടിക്കാട്ടി.
കെട്ടിടങ്ങൾ അനധികൃതമാണെന്ന് ലേക് പാലസ് റിസോർട്ടും സമ്മതിച്ചു. ക്രമവൽക്കരിച്ച് കിട്ടാൻ റിസോർട്ട് കമ്പനി അപേക്ഷ നൽകി. ഇതെ തുടർന്നാണ് ഇത്രയും കാലത്തെ ഇരട്ടി നികുതി പിഴയായി ചുമത്തിയത്. നടപടിക്ക് ആലപ്പുഴ നഗരസഭാ കൗൺസിൽ അംഗീകരം നൽകി. പിഴയ്‌ക്കൊപ്പം ബന്ധപ്പെട്ട രേഖകളും സമർപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
റിസോർട്ടിലെ ചില കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത് പാട്ട ഭൂമിയിലാണെന്നാണ് റിസോർട്ട് മാനേജ്‌മെന്റ് സമ്മതിച്ചത്. നീർത്തട സംരക്ഷണ നിയമം ലംഘിച്ചാണ് ലേക്പാലസ് റിസോർട്ട് നിർമ്മിച്ചതെന്ന് ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശി ടി.എൻ മുകുന്ദൻ പൊതുതാൽപര്യ ഹർജി നൽകിയതോടെയാണ് തോമസ് ചാണ്ടിയുടെ ക്രമക്കേടുകൾ പുറത്തുവന്നത്.