the-kiss-

ന്യൂയോർക്ക്: രണ്ടാം ലോക മഹായുദ്ധത്തിന്റെ ആനന്ദത്തെ ഒരു ചുംബനത്തിലൂടെ ലോകത്തിന് കാട്ടിക്കൊടുത്ത 'ദ കിസ്" ചിത്രത്തിലെ നായകൻ ജോർജ് മെൻഡോൺസ വിടവാങ്ങി. 95 വയസായിരുന്നു.

രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ ആഹ്ലാദത്തിൽ തനിക്കരികെ നിന്ന നഴ്സിനെ വാരിപ്പുണ‌ർന്ന് തീവ്രമായി ചുംബിക്കുന്ന നാവികന്റെ ചിത്രം വർഷങ്ങൾക്കിപ്പുറവും യുദ്ധാനന്തര ആനന്ദത്തിന്റെ പ്രതീകമായി വാഴ്ത്തപ്പെടുന്നു. 'ദ കിസ്" എന്ന ചരിത്ര ഫോട്ടോ ആൽഫ്രഡ് ഐസൻസ്റ്റെയ്ഡ് എന്ന ഫോട്ടോഗ്രാഫറുടേതായിരുന്നു.

1945 ആഗസ്റ്റ് 14 ജപ്പാൻ അമേരിക്കയ്ക്കു മുന്നിൽ കീഴടങ്ങിയതിന്റെ ആഹ്ലാദപ്രകടനത്തിലാണ് ന്യൂയോർക്കിലെ ടൈംസ് സ്ക്വയർ. ന്യൂയോർക്കിലെ നഗരവീഥികൾ അത്യാഹ്ലാദത്തിൽ മുങ്ങിയപ്പോൾ ആരവങ്ങൾക്കിടയിൽ ജോർജ് മെൻഡോൺസ അരികെ നിന്ന നഴ്സ് ഗ്രീറ്റ സിമ്മർ ഫ്രീഡ്മാനെ വാരിപ്പുണർന്ന് ചുംബിച്ചു. ചരിത്ര ചുംബനത്തെ ആൽഫ്രഡ് തന്റെ കാമറയിലൊളിപ്പിച്ചു. ലൈഫ് മാഗസിനിൽ ചിത്രം അച്ചടിച്ചുവന്നു. വർഷങ്ങൾക്കു ശേഷമാണ് ചിത്രത്തിലെ നായികാ നായകൻമാരെ തിരിച്ചറിഞ്ഞത്.

നാവികസേനാ കപ്പലുകളിൽ യുദ്ധത്തിൽ പരിക്കേറ്റ സൈനികരെ ആത്മാർത്ഥതയോടെ പരിചരിക്കുന്ന നഴ്സുമാരെ കണ്ടിട്ടുണ്ടെന്നും അവരോടുള്ള ബഹുമാനം മനസിൽ സൂക്ഷിച്ചിരുന്നതിനാലാണ് യുദ്ധം അവസാനിച്ച വാർത്ത കേട്ടയുടൻ അരികെ നിന്ന നഴ്‌സിനെ ചുംബിച്ചതെന്നും ജോർജ് 2005ൽ ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

അതൊരു പ്രണയപ്രകടനമായിരുന്നില്ലെന്നും ആഘോഷങ്ങൾക്കിടെ പ്രതീക്ഷിക്കാതെ ഒരാൾ അടുത്തെത്തി കടന്നുപിടിച്ച് ചുംബിക്കുകയായിരുന്നെന്ന് ഗ്രീറ്റയും അഭിമുഖത്തിൽ പറഞ്ഞു. 2016ലാണ് ഗ്രീറ്റ ലോകത്തോട് വിടവാങ്ങിയത്.