'ഉർവ്വശി"ബാറിന്റെ മാനേജരുടെ മുറിയിലേക്കു രാഹുൽ കടന്നുചെന്നു.
അവനെ കണ്ട് അയാൾ ഭവ്യതയോടെ എഴുന്നേറ്റു.
''എന്താ സാർ രാവിലെ? രാജസേനൻ സാറിന് എങ്ങനെയുണ്ട്?"
രാഹുൽ ഒരു ചെയറിലിരുന്നു.
''ഒന്നും പറയാറായിട്ടില്ല."
തുടർന്ന് അവൻ തന്റെ ആഗമനോദ്ദേശ്യം അറിയിച്ചു.
''അതിനെന്താ ... ഇന്നലെ ഞാൻ എടുത്തുവച്ച ഒരു ബോട്ടിൽ ഇവിടെയിരിപ്പുണ്ട്."
മാനേജർ അലമാരയിൽ നിന്ന് ഒരു കുപ്പി ബ്രാണ്ടിയെടുത്ത് അവന്റെ മുന്നിൽ വച്ചു.
***
പത്തനംതിട്ട.
രാജസേനന്റെ വീട്.
പഴവങ്ങാടി ചന്ദ്രനെ കിടത്തിയിരുന്ന മുറിയിൽ നിന്ന് ദുർഗ്ഗന്ധം വമിക്കാൻ തുടങ്ങി.
മല-മൂത്ര വിസർജ്ജനത്തിന്റേതു മാത്രമല്ല, കട്ടിൽ കാലുകൾക്ക് അടിയിൽ അമർത്തി വച്ചിരുന്ന കൈവെള്ളയിൽ വ്രണമായിത്തുടങ്ങിയിരുന്നു. അതിൽ നിന്നും ദുർഗ്ഗന്ധം വരുന്നുണ്ട്.
''എന്തു ചെയ്യണം?" സാദിഖും ഗ്രിഗറിയും പരസ്പരം നോക്കി. മൂസയണ്ണനെ പോലീസും പിടിച്ചു. അങ്ങോട്ടു വിളിക്കരുതെന്നാണ് രാഹുൽ സാർ പറഞ്ഞിരിക്കുന്നതും."
സാദിഖ്, പഴവങ്ങാടി ചന്ദ്രനിലേക്ക് ഒരിക്കൽക്കൂടി നോട്ടം നട്ടു.
അയാൾക്കിപ്പോൾ ഒരു ശ്വാസം മാത്രമേയുള്ളൂ!
''രാഹുൽ സാർ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിലും ഈ വിവരം അറിയിക്കാതെ പറ്റത്തില്ലല്ലോ. ഇവൻ ഇവിടെക്കിടന്നു ചത്താൽ നമ്മളെന്തു ചെയ്യും?"
രണ്ടും കൽപ്പിച്ച് ഗ്രിഗറി തന്റെ ഫോൺ എടുത്ത് രാഹുലിനെ വിളിച്ചു.
അപ്പുറത്തുനിന്ന് ആദ്യം കേട്ടത് ഒരു തെറിയാണ്.
''വിളിക്കരുതെന്ന് പറഞ്ഞതല്ലേടാ ഞാൻ?"
''അതല്ല സാറേ..."
ഗ്രിഗറി കാര്യം ചുരുക്കി പറഞ്ഞു.
അപ്പുറത്ത് ഒരു നിമിഷത്തെ മൗനം. പിന്നെ രാഹുലിന്റെ ശബ്ദം കേട്ടു:
''ഒരു കാര്യം ചെയ്യ്. ഇന്ന് സന്ധ്യ കഴിഞ്ഞ് ചന്ദ്രനെ വീടിനു പിന്നിലുള്ള സേഫ്റ്റി ടാങ്കിൽ തള്ളിയേര്. ചത്താലും ഇല്ലെങ്കിലും. പിന്നെ... മൂസയെ ഇനി നോക്കണ്ടാ. അവൻ പോയി."
''ങ്ഹേ?"
ഗ്രിഗറി പകച്ചുപോയി. അതുകണ്ട് സാദിഖും അമ്പരന്നു. എന്താണു കാര്യമെന്ന് അയാൾ ആംഗ്യരൂപേണ തിരക്കി.
'പറയാം." എന്ന് ഗ്രിഗറിയും ആംഗ്യം കാട്ടി.
രാഹുൽ തളർന്നു:
''ചത്തവനെക്കുറിച്ചൊന്നും ഇനി ചിന്തിച്ചിട്ടു കാര്യമില്ല. ചന്ദ്രനെ ഒഴിവാക്കിയ ശേഷം രാത്രിയിൽത്തന്നെ അവിടെ കിടക്കുന്ന ഇന്നോവ കാർ എടുത്തുകൊണ്ട് നിങ്ങൾ ഇങ്ങോട്ടു പോരണം. ചില അത്യാവശ്യമുണ്ട്."
''ശരി സാർ." കാൾ മുറിച്ചിട്ട് ഗ്രിഗറി, സാദിഖിനു നേരെ തിരിഞ്ഞു.
''സ്പാനർ അണ്ണൻ പോയെടാ..."
''എങ്ങനെ?" സാദിഖ് നടുങ്ങി.
''ഒന്നും അറിയത്തില്ല. ഒരുപക്ഷേ പോലീസുകാര് കൊന്നതായിരിക്കും."
''എങ്കിൽ..." സാദിഖിന്റെ മുഖം വലിഞ്ഞു മുറുകി. ''ഏതവനാണ് അതു ചെയ്തതെങ്കിലും വിടത്തില്ല നമ്മൾ. കൊത്തി നുറുക്കിയിരിക്കും."
ഗ്രിഗറി, രാഹുൽ ആദ്യം പറഞ്ഞ കാര്യവും സാദിഖിനോടു പറഞ്ഞു. പഴവങ്ങാടി ചന്ദ്രനെ ഒഴിവാക്കുന്നത്...
''ജീവനോടെയോ ... എങ്കിൽ ഇപ്പഴേ അവനെയങ്ങു കൊന്നാലോ?"
''അതിന്റെ ആവശ്യം വരത്തില്ല. വൈകുമ്പോഴേക്കും അവനങ്ങ് ചത്തോളും."
ചന്ദ്രനെ കിടത്തിയിരുന്ന മുറിയുടെ വാതിൽ അടച്ചിട്ട് ഇരുവരും പിൻവാങ്ങി.
സമയം ഉച്ച കഴിഞ്ഞു.
കോഴഞ്ചേരി കോളേജ് ജംഗ്ഷനിൽ കിടക്കുകയായിരുന്നു പിങ്ക് പോലീസിന്റെ ടൊയോട്ട കാർ.
എസ്.ഐ വിജയ അതിലിരുന്ന് ആർക്കോ ഫോൺ ചെയ്യുകയായിരുന്നു.
പെട്ടെന്ന് ചെറുകോൽപ്പുഴ ഭാഗത്തുനിന്ന് വന്ന ഒരു വെളുത്ത സുമോ വാൻ പിങ്ക് പോലീസിന്റെ ടൊയോട്ടോയെ കടന്ന് വൺ വേയിലേക്കു തിരിഞ്ഞു.
ഫോൺ ചെയ്യുന്നതിനിടയിൽ യാദൃച്ഛികമായി വിജയയുടെ കണ്ണുകൾ അതിൽ പതിഞ്ഞു.
''പിന്നെ വിളിക്കാം."
വിജയ പെട്ടെന്നു കട്ടാക്കി. പിന്നെ ഒരു വട്ടം കൂടി സുമോയിലേക്കു തുറിച്ചുനോക്കി.
അതിന്റെ പിൻഗ്ളാസിൽ ഡ്രാഗണിന്റെ ചിത്രം...
വിജയയുടെ തലച്ചോറിൽ ഒരു മിന്നലുണ്ടായി.
സ്പാനർ മൂസയെ വധിക്കാൻ വന്നവരുടെ വാഹനം !!!
''സുമം.." വനിതാ ഡ്രൈവറെ നോക്കി വിജയ ഒച്ചവച്ചു. ''വണ്ടിയെട്. ആ സുമോയെ പിടിക്കണം."
(തുടരും)