kulbhushan-jadhav

ഹേഗ്: കുൽഭൂഷൺ ജാദവ് കേസിൽ വാദം നീട്ടിവയ്ക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി. വാദത്തിനിടെ പാകിസ്ഥാന്റെ അഡ്‌ഹോക് ജഡ്ജിയെ ഹൃദയസ്തംഭനത്തെ തുടർന്ന് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഈ സാഹചര്യം ചൂണ്ടിക്കാണിച്ചാണ് പുതിയ ജഡ്‌ജി സത്യപ്രതിജ്ഞ ചെയ്യുംവരെ കേസിന്റെ വാദം നീട്ടിവയ്ക്കണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടത്. പാക് ജഡ്‌ജി കോടതിയിൽ ഇല്ലാത്തത് ഗുണകരമാകില്ലെന്ന് പാകിസ്ഥാനു വേണ്ടി ഹാജരായ അറ്റോർണി ജനറൽ അൻവർ മൻസൂർ ഖാൻ പറഞ്ഞു.

ആവശ്യം കോടതി തള്ളിയതിനെ തുടർന്ന് മൻസൂർ ഖാൻ പാകിസ്ഥാന്റെ വാദങ്ങൾ കോടതിയിൽ നിരത്തി. 2014ലെ പെഷവാർ സ്കൂൾ ആക്രമണത്തിനു പിന്നിൽ ഇന്ത്യയാണെന്ന് മൻസൂർ ഖാൻ ആരോപിച്ചു. പാകിസ്ഥാന്റെ പല ചോദ്യങ്ങൾക്കും ഇന്ത്യ മറുപടി നൽകുന്നില്ലെന്നും പാകിസ്ഥാൻ കോടതിയിൽ പറഞ്ഞു.

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ- പാക് ബന്ധം വഷളായിരിക്കെ തിങ്കളാഴ്ചയാണ് അന്താരാഷ്ട്ര നീതിന്യായ കോടതി ആസ്ഥാനമായ ഹേഗിൽ കുൽഭൂഷൺ ജാദവ് കേസിൽ വാദം തുടങ്ങിയത്. കുൽഭൂഷണെ ഉടൻ മോചിപ്പിക്കണമെന്നും കേസ് പാകിസ്ഥാൻ വ്യാജ പ്രചാരണങ്ങൾക്കുള്ള ആയുധമാക്കുകയാണെന്നും ആദ്യ ദിനം ഇന്ത്യയ്ക്കുവേണ്ടി ഹരീഷ് സാൽവെ വാദിച്ചു. വാദം 21ന് അവസാനിക്കും.