ബിക്കാനിർ: രാജസ്ഥാനിലെ അതിർത്തി നഗരമായ ബിക്കാനീറിലുള്ള പാകിസ്ഥാൻകാരോട് 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്നാവശ്യപ്പെട്ട് ബിക്കാനീർ ജില്ലാ മജിസ്‌ട്രേട്ട് അടിയന്തര ഉത്തരവ് നല്‍കി.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സി.ആർ.പി.സി 144 പ്രകാരമാണ് ഉത്തരവിറക്കിയത്. പാകിസ്ഥാൻ വംശജർക്ക് നഗരത്തിൽ ഹോട്ടലുകളോ ലോഡ്ജുകളോ നൽകരുത്. ഇവരുമായി നേരിട്ടോ അല്ലാതെയോ ഒരു തരത്തിലുള്ള വ്യവസായ ബന്ധവും നടത്തരുതെന്നും കർശന നിർദേശമുണ്ട്.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഏത് നിമിഷവും തിരിച്ചടിയുണ്ടാവുമെന്ന് സൈനിക നേതൃത്വം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി ശക്തമാക്കുന്നത്. അതിർത്തി നഗരമായ ഇവിടെ നിരവധി വിദേശികളാണ് വിനോദ സഞ്ചാരത്തിനായും മറ്റും എത്തിയിരുന്നത്.

അജ്ഞാത ഫോൺവിളികളെയും മറ്റും ജാഗ്രതയോടെ കാണണം. സൈന്യത്തെക്കുറിച്ചോ മറ്റോ ഒരു തരത്തിലുള്ള വിവരവും കൈമാറാൻ പാടില്ല. പാകിസ്ഥാനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സിംകാർഡുകൾ പോലും ആരും ഉപയോഗിക്കരുതെന്നും ബിക്കാനീർ ജില്ലാ മജിസ്‌ട്രേട്ട് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.