കശ്മീരിലെ പുൽവാമ ഭീകരാക്രമണത്തെ കുറിച്ച് വ്യത്യസ്തമായ പോസ്റ്റുമായെത്തിയിരിക്കുകയാണ് എഴുത്തുകാരൻ ഷാബു പ്രസാദ്. ഒന്നു പറഞ്ഞു രണ്ടിന് കൈയ്യിലുള്ള ആണവ മിസ്സൈലുകൾ കത്തിച്ചു വിടുന്നതല്ല പരിഹാരമെന്ന് അദ്ദേഹം പറയുന്നു. ഭാരതമെന്താ ഇസ്രയേലിനെപ്പോലെ പെരുമാറാത്തതു... ഇത്ര ദിവസം കഴിഞ്ഞില്ലേ എന്ന ഫേസ്ബുക്കിലെ ഇത്തരം കമന്റുകൾക്കുള്ള പ്രതികരണമെന്നോണമാണ് അദ്ദേഹം പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഭാരതവും ഇസ്രായേലും.. വേറിട്ട ചിന്തകൾ
________________________________________
ഭാരതമെന്താ ഇസ്രയേലിനെപ്പോലെ പെരുമാറാത്തതു... ഇത്ര ദിവസം കഴിഞ്ഞില്ലേ.. ആ അഗ്നിയും, പ്രിത്വിയും, ബ്രഹ്മോസുമൊക്കെ അങ്ങോട്ട് കത്തിച്ചു വിട്ട് ചാരമാക്കണ്ടേ... ഇസ്രായേൽ ആയിരുന്നങ്കിൽ കാണാമായിരുന്നു...
ഫേസ്ബുക്കിൽ നിറഞ്ഞു നിൽക്കുന്ന ചില കമന്റുകൾ ആണിത്.. ആ ആവേശവും ആത്മാർത്ഥതയും കാണാതിരുന്നുകൂടാ.. എങ്കിലും ചിലത് പറയാനുണ്ട്..
ഒന്നാമത്, ഇസ്രായേൽ അല്ല ഭാരതം.. അത് വിശദമാക്കേണ്ടതുണ്ട്..
കേരളത്തിന്റെ പകുതി മാത്രം വലിപ്പവും, ഒരുകോടിയിൽ താഴെ ജനസംഖ്യയുമുള്ള കൊച്ചു രാജ്യമാണ് ഇസ്രായേൽ. അവരുടെ ശത്രുക്കൾ എന്നത് പ്രധാനമായും ഇപ്പറഞ്ഞ ഭീകര പ്രവർത്തകരും. തൊട്ടടുത്തു ഒരു ശത്രുരാജ്യവും ഇപ്പോൾ ഇസ്രായേലിന് ഇല്ല.. ഒരുകാലത്തെ കടുത്ത ശത്രുക്കളായിരുന്ന, മൂന്നു ഭീകരയുദ്ധങ്ങൾ ചെയ്ത ജോർദാനും ഈജിപ്റ്റും ഇന്ന് അവരുടെ ഏറ്റവും വലിയ സുഹൃത്തുക്കളാണ്.. സിറിയയും ലെബനനും ഉണ്ട്, പക്ഷേ അവർ ഇസ്രയേലിന്റെ പരിസരത്ത് പോലും വരില്ല... അതുമല്ല ഇസ്രായേലിനു പ്രത്യേകിച്ച് അന്താരാഷ്ട്ര രാഷ്ട്രീയ താല്പര്യങ്ങൾ ഒന്നുമില്ല... ആർക്കെന്ത് തോന്നിയാലും ആരെന്തു പറഞ്ഞാലും അവർക്ക് നഷ്ടപ്പെടാൻ ഒരു ചുക്കുമില്ല..
ലോകരാജ്യങ്ങളിൽ, പ്രത്യേകിച്ച് യൂറോപ്പിൽ ഇസ്രയേലിനോട് കൂറുള്ള വലിയ ഒരു ജൂതസമൂഹം ഉണ്ട്.. ഇസ്രായേലിലെ ജനസംഖ്യയേക്കാൾ അധികമാണിത്. മിക്കയിടത്തും, അതാത് രാജ്യങ്ങളുടെ സാമ്പത്തിക നട്ടെല്ല് നിയന്ത്രിക്കുന്നത് അവിടത്തെ ജൂതസമൂഹമാണ്.. അതുകൊണ്ടു തന്നെയാണ് ഇസ്രായേൽ എന്തൊക്കെ ചെയ്താലും പരമാവധി ഒരു "രൂക്ഷമായ വിമർശനം " കൂടിവന്നാൽ ഐക്യരാഷ്ട്രസഭയിൽ ശാസനക്ക് ഒരു വോട്ട് എന്നതിനപ്പുറം ഒറ്റ യൂറോപ്യൻ രാജ്യവും പോകാത്തതും...
ഭാരതം വളരെ വളരെ വലിയ രാജ്യമാണ്.. ജനസംഖ്യ 130 കോടിയാണ്.. കര അതിർത്തി,ഏതാണ്ട് ഏഴായിരത്തോളം കിലോമീറ്റർ, പങ്കിടുന്നതിൽ തൊണ്ണൂറു ശതമാനവും കരുത്തരായ ശത്രുരാജ്യങ്ങളോടാണ്.. അതിൽ ചൈന പഞ്ചമഹാശക്തികളിൽ ഒന്നാണ്, ആണവശക്തിയാണ്, നമ്മോട് യുദ്ധം ചെയ്ത് ജയിച്ചവർ ആണ്..
ഭീകരപ്രവർത്തനത്തിന്റെ മറവിൽ നമ്മളോട് നിഴൽയുദ്ധം ചെയ്യുന്നത് കരുത്തരായ രണ്ട് ശത്രുരാജ്യങ്ങൾ തന്നെ ആണ്... സർവ്വോപരി അവർക്ക് ഏറ്റവും പിന്തുണ കിട്ടുന്നത് രാജ്യത്തിനു അകത്തുനിന്നുമാണ്..
ലോകരാജ്യങ്ങളിലെ ഇന്ത്യൻ സമൂഹം വലിപ്പം കൊണ്ട് ശക്തമാണ്... സംശയമില്ല... പക്ഷേ, സ്വന്തം നിലനിൽപ്പ് അപകടത്തിലാക്കിക്കൊണ്ട് അവർ ഒരു നിർണായക സന്ധിയിൽ രാജ്യത്തിനൊപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കാൻ പറ്റില്ല.. യുദ്ധം വരുമ്പോഴും, വെല്ലുവിളികൾ വരുമ്പോഴും ഒരു മെഴുകുതിരി പ്രകടനം, ഒരു ഭാരതമാതാ കീ ജയ് എന്നതിനൊക്കെ അപ്പുറത്തേക്ക്, സ്വന്തം കരുത്ത് ഉപയോഗിച്ച് ആ രാജ്യങ്ങളുമായി മാതൃരാജ്യത്തിനു വേണ്ടി വിലപേശാനുള്ള ജൂതന്റെ കമ്മിറ്റ്മെന്റൊന്നും ഭാരതീയരിൽ നിന്ന് പ്രതീക്ഷിക്കാൻ കഴിയില്ല.. അങ്ങനെയെങ്കിൽ ഒരു കോടിയോളം വരുന്ന US ഇൻഡ്യാക്കാർ വിചാരിച്ചാൽ മതിയായിരുന്നു, അമേരിക്കൻ ഭരണകൂടത്തെ സമ്മർദത്തിൽ ആക്കി എന്നോ പാക്കിസ്ഥാനെ ചുരുട്ടിക്കൂട്ടാൻ.. ജൂതൻ അത് ചെയ്യും,ചെയ്തിട്ടുണ്ട്, പലപ്രാവശ്യം.. നമ്മൾ ചെയ്യില്ല... ആ വ്യത്യാസം വളരെ വലുതാണ്..
പിന്നെ, ഭാരതത്തിനു ഒരുപാട് അന്താരാഷ്ട്ര രാഷ്ട്രീയ താല്പര്യങ്ങൾ ഉണ്ട്..ഈ നൂറ്റാണ്ടിൽ ലോകത്തിനെ നയിക്കാനുള്ള ഉത്തരവാദിത്വം ഉണ്ട്.. ഐക്യരാഷ്ട്രസഭയിൽ ഒരു സ്ഥിരം അംഗത്വത്തിന് ശ്രമിക്കുകയാണ്.. ഒരുപാടൊരുപാട് വാണിജ്യതാല്പര്യങ്ങൾ ഉണ്ട്..
ഏറ്റവും പ്രധാനം ഇസ്രായേലിനു രാജ്യത്തിനുള്ളിലെ ശത്രുക്കളെ ഭയപ്പെടേണ്ടതില്ല... മാതൃരാജ്യത്തെ ചതിക്കുന്ന അഞ്ചാം പത്തികൾ അവിടെയില്ല... അവർക്കതിനു കഴിയുകയില്ല... ആ ബഹുമതി, അങ്ങനെയുള്ള കൂട്ടർ ഈ ഭൂമിക്ക് മുകളിൽ ഭാരതത്തിനു മാത്രം അവകാശപ്പെട്ടതാണ്.
ഇതെല്ലാം കണക്കിലെടുത്ത് മാത്രമേ ഭാരതത്തിനു ഒരു യുദ്ധത്തിന് ഇറങ്ങിത്തിരിക്കാൻ കഴിയുകയുള്ളു.. വേണ്ടത്ര അന്താരാഷ്ട്ര പിന്തുണ സമാഹരിക്കണം, ഐക്യരാഷ്ട്രസഭയെ ബോധ്യപ്പെടുത്തണം, ഇനിയൊരു തിരിച്ചുവരവ് അസാധ്യമാകും വിധം ഭീകരവാദത്തെ അടിയോടെ തകർക്കണം.. ഇനി കളിക്കരുത് എന്ന് ബോധ്യമാവും വിധം ശത്രുരാജ്യങ്ങളെ കിടിലം കൊള്ളിക്കണം..
ഇതിന് ആലോചന വേണം, തയ്യാറെടുപ്പ് വേണം, ആവശ്യത്തിന് സമയം വേണം.. അല്ലാതെ ഒന്നു പറഞ്ഞു രണ്ടിന് കൈയ്യിലുള്ള ആണവമിസ്സൈലുകൾ കത്തിച്ചു വിടുന്നതല്ല പരിഹാരം..
ഒരു കാര്യത്തിൽ ഇസ്രയേലിന്റെ മാതൃക നമുക്ക് എടുക്കാം... ഭീകരവാദത്തോടും, രാജ്യത്തിന്റെ നിലനില്പിനുള്ള വെല്ലുവിളികളോടുമുള്ള മനോഭാവവും സമീപനവും...അത് നൂറുശതമാനം ശരിയാണ്..