imran-khan

ഇസ്ലാമാബാദ്: പുൽവാമ ഭീകരാക്രമണത്തിനു പിന്നിൽ പാകിസ്ഥാനാണെന്ന് വ്യക്തമാക്കാൻ കഴിയുന്ന വിശ്വസനീയമായ തെളിവുകൾ നൽകിയാൽ നടപടിയെടുക്കാമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. തന്റെ രാഷ്ട്രത്തിനെതിരെ തെളിവുകളില്ലാതെയാണ് ആരോപണങ്ങൾ നടത്തുന്നത്. ഭീകരാക്രമണം പാക് താത്പര്യമല്ലെന്നും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത മാത്രമാണിപ്പോൾ ലക്ഷ്യമിടുന്നതെന്നും വീഡിയോ സന്ദേശത്തിൽ ഇമ്രാൻ ഖാൻ വ്യക്തമാക്കി.

എന്നാൽ ഇന്ത്യ ആക്രമിച്ചാൽ പാകിസ്ഥാൻ തിരിച്ചടിക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. പുൽവാമ ''ഭീകരാക്രമണത്തിൽ അന്വേഷണവുമായി സഹകരിക്കും. ചർച്ചകളിലൂടെ വിവേകപൂർണമായി പ്രശ്നം പരിഹരിക്കണം. ഇന്ത്യ ആക്രമിച്ചാൽ തിരിച്ചടിക്കാൻ മടിക്കില്ല. ഒരു യുദ്ധം തുടങ്ങുന്നത് എളുപ്പമാണ്. എന്നാൽ അത് അവസാനിപ്പിക്കുന്നതിനാണു ബുദ്ധിമുട്ട്"- ഇമ്രാൻ കൂട്ടിച്ചേർത്തു.

ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ പ്രധാനമന്ത്രി ആദ്യമായാണ് പ്രതികരിക്കുന്നത്.

ഭീകരാക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും അന്വേഷണത്തിനു മുൻപേ ഇന്ത്യ ആരോപണമുന്നയിക്കുകയാണെന്നുമാണ് പാകിസ്ഥാൻ തുടക്കം മുതൽ നിലപാടെടുത്തത്. യു.എൻ വിഷയത്തിൽ ഇടപെടണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സഹായം ആവശ്യപ്പെട്ട് പാക്ക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി യുഎൻ ജനറൽ സെക്രട്ടറിക്കു കത്തയച്ചു. അതേസമയം കശ്മീര്‍ വിഷയത്തിൽ മൂന്നാമതൊരാളുടെ ഇടപെടൽ ആവശ്യമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.