ന്യൂഡൽഹി: രാജ്യത്തെ പൗരൻമാർക്ക് പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫ്. ജവാൻമാരുടെ കുടുംബങ്ങളെ സഹായിക്കാനായി കേന്ദ്ര സർക്കാർ രൂപവത്കരിച്ച ‘ഭാരത് കേ വീർ’ എന്ന അക്കൗണ്ടിൽ ഇതുവരെ എത്തിയത് 46 കോടി രൂപ. ഈ തുക വിതരണം ചെയ്തെന്നും സർക്കാർ തിങ്കളാഴ്ച അറിയിച്ചിരുന്നു. നാലുദിവസത്തിടെ 80,000-ത്തിലധികം പേരാണ് സംഭാവന നൽകിയത്.
ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, എൻ.ഡി.ആർ.എഫ്, സി.ആർ.പി.എഫ്, ഐ.ടി.ബി.പി, എൻ.എസ്.ജി, എസ്.എസ്.ബി, അസം റൈഫിൾസ് എന്നീ അർധസൈനിക വിഭാഗങ്ങളിലെ സേവനത്തിനിടെ വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കായാണ് ‘ഭാരത് കെ വീർ’ രൂപവത്കരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ, അർധസൈനിക വിഭാഗ മേധാവികൾ അംഗങ്ങളായ സമിതിയാണ് സംഭാവനകൾ കൈകാര്യം ചെയ്യുന്നത്.
ഇതുവഴി സാധാരണക്കാർക്കും തങ്ങളാലാവുന്ന സഹായം വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന്റെ ക്ഷേമത്തിനായി നൽകാനാവും. കേന്ദ്രസർക്കാർ നേരിട്ട് നടത്തുന്ന ഈ വെബ്സൈറ്റു വഴി ഓരോ ജവാന്റേയും കുടുംബങ്ങളുടെ അക്കൗണ്ടിൽ നേരിട്ട് പണമെത്തിക്കാൻ കഴിയും. ഈ വെബ്സൈറ്റുവഴി പൊതുഫണ്ടിലേക്ക് പണം അയക്കാനും സാധിക്കും.
സൈനികരുടെ കുടുംബത്തിനെ സഹായിക്കുന്നതിനായി പേ ടിഎം കഴിഞ്ഞ ദിവസം മുതൽ തങ്ങളുടെ വെബ് സൈറ്റിൽ പ്രത്യേകം സംവിധാനം ഒരുക്കിയിരുന്നു. bharatkeveer.gov.in എന്ന വെബ്സൈറ്റ് വഴി സംഭാവനകൾ നൽകാം. സംഭാവന നൽകിയതിന്റെ സാക്ഷ്യപത്രവും സെെറ്റിലൂടെ ലഭിക്കും.