ചെൽസിയെ കീഴടക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.എ കപ്പ് ക്വാർട്ടറിൽ
ലണ്ടൻ: ഫുട്ബാൾ ലോകം ആകാംഷയോടെ കാത്തിരുന്ന പോരാട്ടത്തിൽ ചെൽസിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.എ കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു. 31-ാം മിനിറ്രിൽ ആൻഡർ ഹെരേരയും 45-ാം മിനിറ്റിൽ പോൾ പോഗ്ബയുമാണ് യുണൈറ്രഡിന്റെ ഗോളുകൾ നേടിയത്. ഹെരേരയ്ക്ക് ഗോളടിക്കാൻ പാകത്തിൽ പന്തെത്തിച്ചും മികച്ച പ്രകടനം പുറത്തെടുത്ത പോഗ്ബയാണ് യുണൈറ്രഡിന്റെ വിജയ ശില്പി. വൂൾവ്സാണ് ക്വാർട്ടറിൽ യുണൈറ്റഡിന്റെ എതിരാളികൾ. തുടർച്ചയായ അഞ്ചാം തവണയാണ് യുണൈറ്റഡ് ക്വാർട്ടറിൽ എത്തുന്നത്.
ചെൽസിയുടെ തട്ടകമായ സ്റ്രാംഫോർഡ് ബ്രിഡ്ജ് വേദിയായ മത്സരത്തിൽ ആതിഥേയർ തന്നെയായിരുന്നു ബാൾ പൊസഷനിലും പാസിംഗിലും മികച്ച് നിന്നത്. എന്നാൽ ലക്ഷ്യത്തിൽ പന്തെത്തിക്കുന്നതിൽ അവർ പരാജയപ്പെടുകയായിരുന്നു. ക്രോസ് ബാറിന് കീഴിൽ മാഞ്ചസ്റ്ററിന്റെ അർജന്റീനിയൻ ഗോളി റൊമീറൊ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
തുടക്കം മുതൽ ചെൽസി ഈഡൻ ഹസാർഡിന്റെ നേതൃത്വത്തിൽ യുണൈറ്രഡിന്റെ ഗോൾ മുഖത്തേക്ക് പന്തുമായെത്തി. 11 -ാം മിനിറ്റിൽ ചെൽസി ഗോളിന് അടുത്ത് വരെയെത്തിയെങ്കിലും റൊമീറോയുടെ ഇരട്ട സേവുകൾ വിലങ്ങ് തടിയായി. ഡേവിഡ് ലൂയിസ് എടുത്ത ഫ്രീകിക്ക് ഇടത്തോട്ട് ചാടി റൊമീറൊ തട്ടിയകറ്റിയെങ്കിലും പന്ത് നേരെചെന്നത് പെഡ്രോയുടെ കാലുകളിലേക്ക്. പെഡ്രോയുടെ കനത്ത ഷോട്ട് റൊമീറൊ നെഞ്ച് കൊണ്ട് തടുത്ത് കൈയിലൊതുക്കി അപകടം ഒഴിവാക്കുകയായിരുന്നു. 31-ാം മിനിറ്റിൽ ചെൽസിയെ ഞെട്ടിച്ച് യുണൈറ്രഡ് ലീഡ് നേടി. ഇടതു വിംഗിൽ നിന്ന് പോഗ്ബ അളന്നുകുറിച്ചെന്നവണ്ണം നൽകിയ ക്രോസ് ഹെരേര പിഴവൊന്നുമില്ലാതെ വലയിലാക്കുകയായിരുന്നു.
45-ാം മിനിറ്റിൽ യുണൈറ്രഡ‌് ലീഡ് രണ്ടായി ഉയർത്തി. യംഗ് നീട്ടി നൽകിയ പന്ത് വലതു വിംഗിൽ നിന്ന് റാഷ് ഫോർഡിന് കിട്ടി. റാഷ്ഫോർഡ് നൽകിയ ക്രോസിന് വായുവിൽ പറന്നുള്ള പോഗ്ബയുടെ ഹെഡ്ഡർ ചെൽസി ഗോളി കെപയുടെ കൈയിൽ തട്ടി വലയിൽ കയറുകയായിരുന്നു. രണ്ടാം പകുതിയിൽ ഗോളിനായി ചെൽസി കിണഞ്ഞു ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.