ചെന്നൈ: നീണ്ട ചർച്ചകൾക്കൊടുവിൽ തമിഴ്നാട്ടിലെ ഭരണ കക്ഷിയായ അണ്ണാ ഡി.എം.കെയും ബി.ജെ.പിയും തമ്മിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് സഖ്യത്തിൽ ധാരണയായി. ലോക‌്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലും അണ്ണാ ഡി.എം.കെയും ബി.ജെ.പിയും സഖ്യമായി മത്സരിക്കും. എ.ഡി.എം.കെയുടെ നേതൃത്വത്തിൽ പി.എം.കെയും (പട്ടാളി മക്കൾ കക്ഷി) സഖ്യവുമായി ചേരും. തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളിൽ അഞ്ച് സീറ്റിൽ ബി.ജെ.പിയും ഏഴ് സീറ്റുകളിൽ പി.എം.കെയും മത്സരിക്കും. അണ്ണാ ഡി.എം.കെ നേതാക്കളുമായി ബി.ജെ.പി ഇന്നലെ ചെന്നൈയിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പ്രഖ്യാപനം.

തമിഴ്നാട്ടിൽ ബി.ജെ.പി തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ, കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ തമിഴിസൈ സൗന്ദരരാജൻ, എ.ഡി.എം.കെ ജോയിന്റ് കോ-ഓഡിനേറ്ററായ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി പന്നീർസെൽവം, പി.എം.കെ നേതാക്കളായ എസ്.രാമദോസ്, അൻപുമണി രാമദോസ് തുടങ്ങി പ്രമുഖ നേതാക്കൾ ചർച്ചയിൽ പങ്കെടുത്തു.

തമിഴ്നാട്ടിൽ നടക്കാനിരിക്കുന്ന 21 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലും സഖ്യം ബാധകമാണെന്ന് നേതാക്കൾ അറിയിച്ചു.

തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും നാൽപത് സീറ്റുകളിലും സഖ്യം വിജയിക്കുമെന്ന് പളനിസ്വാമി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

2014ൽ അണ്ണാ ഡി.എം.കെ നേതാവ് ജയലളിത ബി.ജെ.പിയുമായി സഖ്യത്തിന് വിസമ്മതിച്ചതിനെ തുടർന്ന് എം.ഡി.എം.കെ, പി.എം.കെ, ഡി.എം.ഡി.കെ തുടങ്ങി പ്രാദേശിക പാർട്ടികളുമായി കൈകോ‌ർത്ത ബി.ജെ.പിക്ക് വെറും രണ്ട് സീറ്രുകളിൽ മാത്രമാണ് വിജയിക്കാനായത്. ജയലളിതയുടെ മരണത്തിനു പിന്നാലെ കുഴഞ്ഞു മറി‌ഞ്ഞു കിടക്കുന്ന തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് നേട്ടമുണ്ടാക്കാനാണ് ബി.ജെ.പിയുടെ ശ്രമം.

അണ്ണാ ഡി.എം.കെയും ബി.ജെ.പിയും തമ്മിലുള്ള സഖ്യചർച്ചകൾ ഫലം കണ്ടു. ലോക്‌സഭയിൽ ഒരുമിച്ച് മത്സരിക്കുന്നതിൽ അതീവ സന്തോഷം

- പിയൂഷ് ഗോയൽ