kasargod-murder

കാസർകോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന സംഭവത്തിൽ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. മറ്റ് ആറുപേർ കൂടി പൊലീസിന്റെ കസ്റ്റഡിയിലുണ്ടെന്നും ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

കൊലയാളികൾ സഞ്ചരിച്ചതെന്ന് കരുതുന്ന കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പള്ളിക്കര പാക്കം വെളുത്തോളിക്ക് സമീപം ചെറൂട്ടവളപ്പിലാണ് കെ.എൽ 14 - 5683 നമ്പർ സൈലോ കാർ കണ്ടെത്തിയത്. എച്ചിലോട് സ്വദേശി സജി ജോർജിന്റേതാണ് വാഹനം. ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാർ ഫോറൻസിക് വിദഗ്ദ്ധർ പരിശോധിച്ചു.

കഴിഞ്ഞ രാത്രി കേരള - കർണാടക അതിർത്തിയിലെ ഒളിത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്ത പീതാംബരനെ ഇന്നലെ മുഴുവൻ കാസർകോട് എസ്.പി ഓഫീസിലെ ക്യാമ്പിൽ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. യുവാക്കളെ വെട്ടിക്കൊന്ന അന്നുതന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് സി.പി.എം അനുഭാവികളെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത് പീതാംബരൻ ആണെന്ന് വ്യക്തമായ സൂചന കിട്ടിയത്. ഇവരിൽ നിന്ന് ഒളിവിൽ കഴിയുന്ന സ്ഥലത്തെ കുറിച്ചു വിവരം കിട്ടിയതിനെ തുടർന്ന് ഡിവൈ.എസ്.പി എം. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടുകയായിരുന്നു. പീതാംബരനെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കൊലപാതകത്തിന് തുമ്പാകും എന്നാണ് കരുതുന്നത്. മുൻ വൈരാഗ്യം കാരണം പീതാംബരൻ കൊലപാതകം ആസൂത്രണം ചെയ്യുകയും ക്വട്ടേഷൻ സംഘത്തെ ഇതിനായി ഉപയോഗിക്കുകയും ചെയ്യുകയായിരുന്നു.

കൊലയാളി സംഘത്തിലെ

പ്രവർത്തകരെ

തള്ളിപ്പറഞ്ഞ് സി.പി.എം

കൊലപാതകവുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് സി.പി.എം ഏരിയ, ജില്ലാ നേതാക്കൾ അവകാശപ്പെട്ടെങ്കിലും പീതാംബരൻ പിടിയിലായതോടെ സി.പി.എം കൂടുതൽ പ്രതിരോധത്തിലായി. പീതാംബരൻ ഉൾപ്പെടെ സി.പി.എം അംഗങ്ങൾ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ തള്ളിപ്പറയാൻ കേന്ദ്രകമ്മിറ്റി അംഗം പി. കരുണാകരനും ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണനും ജില്ലാ കമ്മിറ്റി ഓഫീസായ കാസർകോട് വിദ്യാനഗറിലെ എ.കെ.ജി മന്ദിരത്തിൽ വാർത്താസമ്മേളനം വിളിക്കേണ്ടിവന്നു.

പീതാംബരനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും കൊലയാളികൾ സഞ്ചരിച്ചു എന്ന് കരുതുന്ന കാർ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തുകയും ചെയ്തതോടെയാണ് കൊലയാളി സംഘത്തിലെ പാർട്ടിക്കാരെ സി.പി.എം തള്ളിപ്പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരെത്തേ പറഞ്ഞത് സി.പി.എം നേതാക്കൾ ആവർത്തിക്കുകയും മുഖം നോക്കാതെ അന്വേഷണം നടത്താൻ പൊലീസിന് പിന്തുണ ഉറപ്പാക്കുകയും ചെയ്തു.