മാഡ്രിഡ് : യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ ഇന്ന് രാത്രി തീപാറും പോരാട്ടങ്ങൾ. പ്രീക്വാർട്ടർ ആദ്യ പാദത്തിൽ സ്പെയിനിൽ അത്ലറ്രിക്കോ മാഡ്രിഡ് ഇറ്രാലിയൻ വമ്പൻമാരായ യുവന്റസിനെയും ജർമ്മൻ ക്ലബ് എഫ്.സി ഷാൽക്കെ 04 ഇംഗ്ലീഷ് പ്രിമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്രർ സിറ്രിയെയും നേരിടും. രാത്രി 1.30 മുതലാണ് മത്സരം.
സൂപ്പർതാരം ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ കരുത്തിൽ ഇത്തവണ ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമാക്കി ബൂട്ട് കെട്ടുന്ന യുവന്റസിന് അത്ലറ്റിക്കോയുടെ തട്ടകമായ സ്റ്രേഡിയോ വാൻഡ മെട്രോപൊളിറ്രാനൊയിൽ ഇന്ന് കടുത്ത വെല്ലുവിളിയാണ് കാത്തിരിക്കുന്നത്.
സ്വന്തം മൈതാനത്ത് ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടത്തിൽ അവസാനം കളിച്ച 12 മത്സരങ്ങളിലും അത്ലറ്രിക്കോ തോറ്റിട്ടില്ല. ഇവിടെ അവസാനം കളിച്ച പത്ത് ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് മത്സരങ്ങളിൽ ഒരു ഗോൾ മാത്രമേ അവർ വഴങ്ങിയിട്ടുള്ളൂ. കഴിഞ്ഞ ആറ് സീസണുകളിൽ അഞ്ചിലും നോക്കൗട്ട് റൗണ്ടിൽ എത്തിയ ടീമാണ് അത്ലറ്രിക്കോ. ഡിയാഗോ സിമിയോണിയുടെ പരിശീലനത്തിൻ കീഴിൽ ഇറ്രാലിയൻ ക്ലബുകൾക്കെതിരെ ചാമ്പ്യൻസ് ലീഗിൽ ഇതുവരെ ഒരു മത്സരവും തോറ്രിട്ടില്ലെന്ന റെക്കാഡും അവരുടെ ആത്മ വിശ്വാസം കൂട്ടുന്നു. എന്നാൽ റൊണാൾഡോ,ഡിബാല,ഖദീര,ചെല്ലീനി എന്നിവരുടെയെല്ലാം കളിമികവിൽ അന്റോയിൻ ഗ്രിസ്മാനെയും സംഘത്തെയും തളയ്ക്കാമെന്ന കണക്കുകൂട്ടലിലാണ് യുവന്റസ്.
മറ്രൊരു മത്സരത്തിൽ ജർമ്മൻ ക്ലബുകൾക്കെതിരെ അവസാനം കളിച്ച ആറ് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും തോറ്രിട്ടില്ല എന്ന ധൈര്യത്തിലാണ് മാഞ്ചസ്റ്റർ സിറ്റി ഷാൽക്കെ 04നെ നേരിടുന്നത്. ചാമ്പ്യൻസ് ലീഗ് പ്ര്വീക്വാർട്ടറിൽ അവസാനമെത്തിയ മൂന്ന് തവണയും ഷാൽക്കെ തോറ്രിരുന്നു. ഇത്തവണ ആ ചീത്തപ്പേര് മാറ്രാമെന്നാണ് മറുവശത്ത് ഷാൽക്കെയുടെ പ്രതീക്ഷ.