കാസർകോട് : യൂത്ത് കോൺഗ്രസ് പ്രവർത്തരായ കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ട കേസിൽ, ഒരാൾ അറസ്റ്റിലായതിനു പിന്നാലെ, കൊലയാളി സംഘത്തിലെ മറ്റുള്ളവർക്കായി കർണാടകത്തിലേക്ക് തിരച്ചിൽ വ്യാപിപ്പിച്ച് പൊലീസ്. അന്വേഷണത്തിന് കർണാടക പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
പെരിയയിൽ കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ട സംഘം ബംഗളൂരുവിലേക്കു കടന്നതായാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. അതേസമയം, കാസർകോടിന്റെ അതിർത്തി മേഖലകളിലും തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. മുഴുവൻ സംഘാംഗങ്ങളെയും രണ്ടു ദിവസത്തിനകം പിടികൂടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പൊലീസ് പറഞ്ഞു.
കാസർകോട് ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി എം പ്രദീപ് കുമാർ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.പി രഞ്ജിത്ത്, ഡിവൈ.എസ്.പി ജെയ്സൺ കെ. എബ്രഹാം, സി.ഐ സി.എ അബ്ദുർ റഹീം, കുമ്പള സിഐ കെ. പ്രേംസദൻ, ആദൂർ സി.ഐ എ.എം മാത്യൂ, ബേക്കൽ സി.ഐ വി.കെ വിശ്വംഭരൻ, ജില്ലാ പോലീസ് ചീഫിന്റെ സ്‌ക്വാഡ് അംഗങ്ങൾ എന്നിവരുൾപ്പെട്ട പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആവശ്യമെങ്കിൽ അന്വേഷണ സംഘത്തെ വിപുലീകരിക്കുമെന്ന് ജില്ലാ പൊലീസ് ചീഫ് ഡോ. എ. ശ്രീനിവാസ് പറഞ്ഞു.