കോഴിക്കോട്: സാംസ്‌കാരിക നായകർ സി.പി.എമ്മിന് മുന്നിൽ നാക്കും വാക്കും പണയം വച്ചിരിക്കുകയാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം അഭിജിത്ത് പറഞ്ഞു. സി.പി.എമ്മിന് മുന്നിൽ കുനിഞ്ഞിരിക്കുന്ന നാറികളാണ് സാംസ്‌കാരിക നായകരെന്നും സർക്കാർ നൽകുന്ന അപ്പക്കഷണം പ്രതീക്ഷിച്ചിരിക്കുകയാണ് ഇക്കൂട്ടരെന്നും അഭിജിത്ത് വിമർശിച്ചു.
കൃപേഷിൻറേയും ശരത് ലാലിൻറേയും സഹോദരിമാരുടെ പഠനച്ചെലവ് കെ.എസ്.യു ഏറ്റെടുക്കുമെന്നും അഭിജിത്ത് പറഞ്ഞു.
കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ സാംസ്‌കാരിക രംഗത്തുനിന്ന് വേണ്ടത്ര പ്രതിഷേധം ഉയരുന്നില്ല എന്നാരോപിച്ചാണ് കെ.എസ്.യുവിൻറെ വിമർശനം. നിലപാടുകൾ ഇല്ലാത്ത ഇത്തരം സാംസ്‌കാരിക നായകരെ കെ.എസ്.യുവിന്റെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ല. അഭിമന്യു കൊലചെയ്യപ്പെട്ടപ്പോൾ കവിത എഴുതിയവർ ഇപ്പോൾ എവിടെ പോയെന്ന് കാണാനില്ല. സാംസ്‌കാരിക നായകർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ യഥാർത്ഥ സാംസ്‌കാരിക നായകരല്ല. സെലക്ടീവായി പ്രതികരണം നടത്തുന്നവരോട് പുച്ഛമാണ്.
കൊല്ലപ്പെട്ട ശരത്തിനും കൃപേഷിനും നേരെ ഡി.വൈ.എഫ്.ഐയുടെ ഭീഷണി നിലനിന്നിരുന്നു. എന്നാൽ പൊലീസ് ഇക്കാര്യത്തിൽ നടപടി എടുത്തില്ല .അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ എതിരാളികളെ കൊന്നു തള്ളുകയാണ് സി.പി.എം . സർക്കാർ ഇതിനു പരിപൂർണ പിന്തുണ നൽകുന്നു. കേരളത്തിന്റെ ക്രമസമാധാനം നിലനിറുത്താൻ മുഖ്യമന്ത്രി നേതൃത്വം നൽകണം. അക്രമസംഭവങ്ങൾ തടയാൻ മുഖ്യമന്ത്രി തയ്യാറായില്ലെങ്കിൽ തിരിച്ചടിക്കാൻ കെ.എസ്.യു തയ്യാറാണ്. ആശയങ്ങളെ കഠാര കൊണ്ട് നേരിടാനാണെങ്കിൽ ജീവൻ കളയാനും കെ.എസ്.യു പ്രവർത്തകർ തയ്യാറാണ് - അഭിജിത്ത് പറഞ്ഞു.