ഒരു അടാർ ലവ് എന്ന ഒമർ ലുലു ചിത്രത്തിലെ കണ്ണിറുക്കൽ രംഗം വഴി ഇന്ത്യ മൊത്തം തരംഗമായ താരമാണ് പ്രിയ പ്രകാശ് വാര്യർ. മലയാളവും താണ്ടി അന്യഭാഷാ ചിത്രങ്ങളിൽ പ്രിയ അഭിനയിച്ചു. ആദ്യം തരംഗമായെങ്കിലും പിന്നെ അങ്ങോട്ട് മലയാളികളിൽ നല്ലൊരു പങ്കും പ്രിയയെ തള്ളിപ്പറയുകയുണ്ടായി. പ്രത്യേകിച്ച് ഒാൺലൈൻ ട്രോളന്മാരുടെ സ്ഥിരം വേട്ടമൃഗമായി അവർ. തന്റെ ആദ്യ സിനിമ ഇറങ്ങും മുൻപ് തന്നെ വിരോധികളെ സമ്പാദിച്ച് പ്രിയക്ക് സിനിമ ഇറങ്ങിയ ശേഷവും ട്രോളുകൾ നേരിടേണ്ടി വന്നു. അങ്ങനെ ചുളുവിൽ പ്രശസ്തയാകേണ്ട എന്ന മലയാളികളുടെ മനോഭാവം തന്നെയാകാം ഇതിന് പ്രധാന കാരണം. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്ന പ്രിയ വാര്യരുടെ വിഡിയോ കണ്ടാൽ ഈ ട്രോളന്മാർ തന്നെ ഞെട്ടും. 2018 ചെമ്പൈ സംഗീതോത്സവത്തിൽ മനോഹരമായി കച്ചേരി അവതരിപ്പിക്കുന്ന പ്രിയയുടെ വിഡിയോ ആണിത്. ഇങ്ങനെയൊക്കെ കഴിവ് ഉണ്ടായിരുന്നോ എന്നാണ് മുൻപ് കളിയാക്കിയവർ ഇപ്പോൾ ചോദിക്കുന്നത്. കഴിവുകൾ അംഗീകരിക്കേണ്ടത് തന്നെ എന്നാണ് വീഡിയോ കണ്ടതിന് ശേഷം ട്രോളന്മാരുടെ അഭിപ്രായം.